അബൂദബി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ദുബയ് മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും. അല്‍റാസ്, പാം ദേര, ബിനിയാസ് സ്‌ക്വയര്‍ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനമാണ് പുനരംഭിക്കുക. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചതാണ് ഇക്കാര്യം. മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ചു.
ദുബയില്‍ ദേര, നായിഫ്, അല്‍റാസ്, ബനിയാസ് മേഖലകളിലാണ് ആദ്യമായി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂട്ടത്തോടെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഇക്കഴിഞ്ഞ 31 മുതല്‍ ഈ ഭാഗങ്ങളിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതും അണുനശീകരണത്തിന്റെ ഭാഗമായി മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടതും. മേഖലയില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ ദുബയ് ഹെല്‍ത്ത് അതോറിറ്റി എത്തിച്ച് നല്‍കിയിരുന്നു. ദേര ഗോള്‍ഡ് സൂഖ്, ഓള്‍ഡ് സൂഖ്, മ്യൂസിയങ്ങള്‍ തുടങ്ങിയ വമ്പന്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടങ്ങുന്ന പ്രദേശമാണ് ഈ മേഖല.