യുഎഇയിലെ പ്രായംകുറഞ്ഞ കൊവിഡ് ബാധിത രോഗമുക്തയായി
അജ്മാനിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്യാം- ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ചികില്‍സയ്ക്കുശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്.
അജ്മാന്‍: ലോകത്തെ മുഴുവന്‍ വിറപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരവെ യുഎഇയില്‍നിന്ന് വേറിട്ടൊരു സന്തോഷ വാര്‍ത്ത. യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊവിഡ് ബാധിതയായ പെണ്‍കുട്ടി രോഗമുക്തി നേടി ആശുപത്രി വിട്ടു. അജ്മാനിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്യാം- ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ചികില്‍സയ്ക്കുശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, അഞ്ചുവയസുള്ള മറ്റൊരു മകള്‍ നവമിക്ക് രോഗബാധയില്ല.
പനി, ചുമ എന്നിവയെത്തുടര്‍ന്നാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിശുരോഗവിദഗ്ധനും ഫിസിഷ്യനുമായ ഡോ. ജെന്നി ജോണ്‍ ചെറിയാത്തിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ സംരക്ഷണത്തിലായിരുന്നു മൂവരും. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ യഥാവിധം പാലിക്കുന്നതിലും നഴ്സുമാര്‍ അടക്കമുളള ജീവനക്കാരുമായി സഹകരിക്കുന്നതിലും കുട്ടി വളരെയധികം പക്വത കാണിച്ചതായി ഡോ. ജെന്നി ജോണ്‍ പറഞ്ഞു. രോഗം മറികടക്കാന്‍ കുടുംബത്തിന് ക്ലിനിക്കല്‍ പരിചരണവും മാനസികപിന്തുണയും ആശുപത്രി ഉറപ്പുവരുത്തിരുന്നു.