പ്രവാസികളുടെ വിമാനയാത്രാ ചെലവ്; ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
വരുമാനമാര്‍ഗം അടഞ്ഞതിനാല്‍ മടക്ക ടിക്കറ്റിനുള്ള വഴി പോലും കാണാനാവാതെ നിസ്സഹായരായിക്കഴിയുന്ന ആയിരക്കണക്കിന് പ്രവാസികളാണ് വിമാനയാത്രയ്ക്ക് വലിയ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നത്.
ജിദ്ദ: കൊവിഡ്-19 മൂലം ജോലി നഷ്ടപ്പെട്ടും വിസാ കാലാവധി തീര്‍ന്നതിനാലും സ്വദേശത്തേക്കുള്ള മടക്കയാത്രയ്ക്ക് വിമാനടിക്കറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസി/ കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍നിന്നും ടിക്കറ്റിനുള്ള സഹായം നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തി പ്രവാസികളുടെ മടക്കയാത്രയ്ക്കുള്ള കാലതാമസം ഒഴിവാക്കണം. വരുമാനമാര്‍ഗം അടഞ്ഞതിനാല്‍ മടക്ക ടിക്കറ്റിനുള്ള വഴി പോലും കാണാനാവാതെ നിസ്സഹായരായിക്കഴിയുന്ന ആയിരക്കണക്കിന് പ്രവാസികളാണ് വിമാനയാത്രയ്ക്ക് വലിയ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നത്.
കൊവിഡ് 19 മൂലം മരണപ്പെട്ട പ്രവാസികളുടെ നിരാലംബരായ കുടുംബങ്ങളിലെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണം. കുടുംബനാഥന്‍മാരുടെ മരണംമൂലം നിത്യവൃത്തിക്ക് വകയില്ലാതാവുകയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാപനം കാരണം മാതൃരാജ്യത്തേക്ക് തിരികെ പോവുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനാല്‍ തിരുത്തുകയും പ്രവാസികള്‍ക്കിടയില്‍ പാവപ്പെട്ടവനെന്നും കഴിവുള്ളവനെന്നും വേര്‍തിരിവുണ്ടാക്കി രണ്ടാമതും മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിക്കുകയാണെന്നും സോഷ്യല്‍ ഫോറം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തവെ തള്ളിവിടുന്ന വാഗ്ദാനങ്ങള്‍ കാണിച്ചുകൊണ്ട് പ്രവാസികളില്‍നിന്നും രാജ്യത്തേക്ക് വരുമാനമുണ്ടാക്കുകയെന്നല്ലാതെ കഷ്ടതയനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ പര്യാപ്തമായതൊന്നും ചെയ്യുന്നില്ലെന്നും യോഗം ആരോപിച്ചു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി വിയര്‍പ്പൊഴുക്കുന്ന പ്രവാസികളെ പ്രയാസത്തിലേയ്ക്ക് തള്ളിവിടാതെ അവരെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, ഷാഹുല്‍ ഹമീദ് മേടപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.