കുവൈത്തില്‍നിന്ന് നാളെ മുതല്‍ ഇന്ത്യയിലേക്ക് യാത്രകള്‍ ആരംഭിക്കും
കുവൈത്തില്‍നിന്നും കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിലെത്തും. ഹൈദരാബാദിലേക്ക് കാലത്ത് 11.25 നാണു വിമാനം പുറപ്പെടുക. ഈ വിമാനം വൈകീട്ട് 6.30 നു ഹൈദരാബാദിലെത്തും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് പോവുന്നതിനുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വ്യോമയാന അധികൃതരില്‍നിന്നും അനുമതി ലഭിച്ചു. ഇതെത്തുടര്‍ന്ന് നാളെ മുതല്‍ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈത്തില്‍നിന്നുള്ള ആദ്യവിമാനങ്ങള്‍ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും പുറപ്പെടും. കുവൈത്തില്‍നിന്നും കൊച്ചിയിലേക്ക് ഉച്ചയ്ക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിലെത്തും. ഹൈദരാബാദിലേക്ക് കാലത്ത് 11.25 നാണു വിമാനം പുറപ്പെടുക. ഈ വിമാനം വൈകീട്ട് 6.30 നു ഹൈദരാബാദിലെത്തും.
ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യവിമാനം കുവൈത്ത് വ്യോമയാന അധികൃതരില്‍നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദ്‌ചെയ്തിരുന്നു. ഈ വിമാനമാണു നാളെ പുറപ്പെടുക. ഇതിനു പുറമെ കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സര്‍വീസ് നടത്തും. കുവൈത്തില്‍നിന്നും ഇന്ത്യക്കാരായ പൊതുമാപ്പ് യാത്രക്കാരെ കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് കുവൈത്തില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു ഇന്ത്യയില്‍നിന്നും വരുന്ന യാത്രാവിമാനങള്‍ക്ക് കുവൈത്ത് അധികൃതര്‍ അനുമതി നല്‍കാതിരുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തിരക്കിട്ട് ചര്‍ച്ച നടത്തിവരികയായിരുന്നു. പൊതുമാപ്പ് യാത്രക്കാരുടെ വിഷയത്തില്‍ ഇന്ത്യയില്‍നിന്നും അനുകൂല മറുപടി ലഭിച്ചതിനെ തുടര്‍ന്നാണു പ്രശ്‌നത്തിനു പരിഹാരമുണ്ടായതെന്നാണു സൂചന. കൊച്ചിയിലേക്ക് 80 ദിനാറാണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തില്‍നിന്നും ആദ്യ ഏഴുദിവസങ്ങളില്‍ കേരളത്തിലേയ്ക്കു രണ്ടുവിമാനങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. നാളത്തെ കൊച്ചി സര്‍വീസിനു പുറമെ കോഴിക്കോട്ടേയ്ക്ക് 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം.