ഒമിക്രോണ്‍ ആശങ്ക; നാല് രാജ്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

Update: 2021-12-25 01:07 GMT

ദുബയ്: ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടി യുഎഇയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. കെനിയ, താന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ് വിലക്ക്. ഇതോടെ വിലക്കേര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബര്‍ 25ന് രാത്രി 7.30 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലസൂട്ടു, എസ്വാറ്റീനി, സിംബാബ്‌വേ, ബോട്‌സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യുഎഇ വിലക്കിയിരുന്നു. അതേസമയം, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസക്കാര്‍ തുടങ്ങിയവര്‍ക്ക് യുഎഇയിലേക്ക് വരാം. ഇവര്‍ 48 മണിക്കൂര്‍ മുമ്പെടുത്ത പിസിആര്‍ ഫലവും ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആര്‍ ഫലവും ഹാജരാക്കണം. യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റൈനിലും കഴിയണം. ഒമ്പതാം ദിവസം വീണ്ടും യുഎഇയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. അതേസമയം, യുഎഇയ്ക്കുള്ളിലെ ആഭ്യന്തര വിമാന സര്‍വീസ് തുടരും- റിപോര്‍ട്ട് പറയുന്നു.

യുഎഇ പൗരന്‍മാര്‍ക്ക് രാജ്യത്തെ അടിയന്തര ചികില്‍സാ കേസുകള്‍, ഔദ്യോഗിക പ്രതിനിധികള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഒഴികെ നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. ഉഗാണ്ടയില്‍നിന്നും ഘാനയില്‍നിന്നും നേരിട്ടുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്കായി യുഎഇ പുതിയ യാത്രാ നിബന്ധനകളും തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കുകയും പുറപ്പെട്ട് ആറ് മണിക്കൂറിനുള്ളില്‍ എയര്‍പോര്‍ട്ടില്‍ വച്ച് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം.

Tags:    

Similar News