ഇന്ത്യ- യുഎഇ വിമാന യാത്രാവിലക്ക് ജൂലൈ 21 വരെ നീട്ടിയെന്ന് ഇത്തിഹാദ് എയര്‍വേസ്

ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കുള്ളത്.

Update: 2021-06-29 15:00 GMT

ദുബയ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസുകളുടെ യാത്രാ വിലക്ക് ജുലൈ 21 വരെ യുഎഇ അധികൃതര്‍ നീട്ടി. ഇത്തിഹാദ് എയര്‍വേസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്കുള്ളത്.

ജൂലൈ 21 വരെ വിമാനങ്ങളുണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയര്‍വേസ് ട്വീറ്റ് ചെയ്തു. യുഎഇ പൗരന്‍മാര്‍, നയതന്ത്ര ദൗത്യങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റെസിഡന്‍സ് വിസാ ഹോള്‍ഡര്‍മാര്‍ എന്നിവരെ യുഎഇ പ്രവേശന നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്- ഒരു എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ക്വാറന്റൈന്‍ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്ര അനുവദനീയമല്ല.

എന്നിരുന്നാലും മറ്റ് അനുവദനീയമായ സ്ഥലങ്ങളില്‍നിന്ന് യാത്രക്കാര്‍ക്ക് ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാം. ചരക്ക് വിമാനങ്ങളുടെ സര്‍വീസ് തുടരും. യുഎഇ യാത്രാവിലക്ക് അനന്തമായി നീളുന്നത് മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജൂണ്‍ 23ന് യാത്രാവിലക്ക് പിന്‍വലിച്ചതായി യുഎഇ പ്രഖ്യാപിച്ചതോടെ തിരിച്ചുപോവാമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവരുടെ പ്രതീക്ഷകള്‍ അസ്മതിക്കുകയായിരുന്നു. ഏപ്രില്‍ 25 മുതലാണ് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

Tags:    

Similar News