ജീവകാരുണ്യപ്രവര്‍ത്തകനും നഹ്ദി ഗ്രൂപ്പ് മേധാവിയുമായ ശൈഖ് അബ്ദുല്ല ആമിര്‍ അല്‍നഹ്ദിയെ ജി ജി ഐ ആദരിച്ചു
ജിജിഐ പ്രസിഡന്റ് ഡോ ഇസ്മായില്‍ മരിതേരി, ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ട്രഷറര്‍ ഇബ്രാഹിം ശംനാട്, സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, മുന്‍ ട്രഷററും അല്‍നഹ്ദി കമ്പനി മുന്‍ പര്‍ച്ചേസിംഗ് മാനേജറുമായ പിവി ഹസന്‍ സിദ്ദീഖ് ബാബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.നിര്‍ധന രോഗികളും കാഴ്ചശക്തിയില്ലാത്തവരുമായ പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് കാരുണ്യ ഹസ്തം നീട്ടിയ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനാണ് ശൈഖ് അബ്ദുല്ല ആമിര്‍ അല്‍നഹ്ദി.മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍, പുളിക്കലെ ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്ലൈന്റിന്റെ കീഴിലുള്ള ബ്രെയില്‍ പ്രിന്റിംഗ് പ്രസ്, കാഴ്ചശക്തിയില്ലാത്തവരുടെ അഭയകേന്ദ്രം, തിരുവനന്തപുരത്തെ സിഎച്ച് സെന്റര്‍ തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതില്‍ വഹിച്ച മുഖ്യപങ്ക് പരിഗണിച്ചാണ് നഹ്ദിയെ ആദരിച്ചത്.
മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും മതങ്ങളുടെയും രാജ്യങ്ങളുടെയും അതിരുകളില്ലെന്നും മനുഷ്യരുടെ വേദനകളകറ്റുകയും കണ്ണീര്‍ തുടക്കുകയും ചെയ്യുകയെന്ന സ്രഷ്ടാവ് ഏല്‍പിച്ച ദൗത്യമാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ നിറവേറ്റാന്‍ ശ്രമിക്കുന്നതെന്നും ചടങ്ങില്‍ സംസാരിക്കവെ ശൈഖ് നഹ്ദി പറഞ്ഞു.
ഇതര രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുമ്പോള്‍, ആദ്യന്തമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായി വരാറുണ്ട്. എന്നാല്‍, കേരളത്തിലെ അനുഭവം വ്യത്യസ്തമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക ചെലവിന്റെ ഒരു ഭാഗം ലഭ്യമാക്കിയാല്‍ മാത്രം മതി. ശേഷിക്കുന്ന തുകയും അനുബന്ധപ്രവര്‍ത്തനങ്ങളുമെല്ലാം ഏറ്റെടുത്ത് ഭംഗിയായി നടത്താന്‍ അവിടെ സന്നദ്ധ പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെയുണ്ടെന്നത് തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. നാനാ ജാതി മതസ്ഥരായ സ്ത്രീകളുടെ മാന്യമായ വസ്ത്രധാരണം, കുട്ടികള്‍ ഒരുമിച്ച് സ്‌കൂളുകളില്‍ പോകുന്ന ദൃശ്യങ്ങള്‍ തുടങ്ങി കേരളത്തിലെ നന്മകളുടെ നറുമണം ഏറെ ആസ്വാദ്യകരമാണെന്ന് കേരളം സന്ദര്‍ശിച്ചിട്ടുള്ള നഹ്ദി ചൂണ്ടിക്കാട്ടി.
നാഥന്‍ നല്‍കിയ അനുഗ്രഹമാണ് സമ്പത്ത്. അതില്‍നിന്ന് പാവങ്ങളും നിരാലംബരുമായവര്‍ക്കുള്ള അവകാശങ്ങള്‍ നല്‍കാനും അവര്‍ക്ക് താങ്ങും തണലുമാകാനുമാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇന്ത്യയും സൗദിയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തമായി തുടരുന്നത് ആഹ്ലാദകരമാണ്. മഹാമാരിക്കാലത്ത് വാക്‌സിന്‍, മരുന്ന് രംഗത്ത് ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ചുപ്രവര്‍ത്തിച്ചു. സൗദിയിലെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഖനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിഅഞ്ഞൂറിലേറെ ഫാര്‍മസി ശാഖകളുള്ള നഹ്ദി കമ്പനിയില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.