സ്വര്‍ണ കള്ളക്കടത്ത്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപട രാജ്യസ്‌നേഹികളെ തിരിച്ചറിയുക; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-08-30 09:04 GMT

റിയാദ്: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്തോറും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപട രാജ്യസ്‌നേഹികളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍ പ്രസ്താവിച്ചു. ബി ജെ പിയുടെ യു എ ഇ കേന്ദ്രീകരിച്ചു നടത്തുന്ന അനധികൃത ഇടപാടുകളുടെ ഇടനിലക്കാരന്‍ എന്ന നിലയ്ക്കാണ് ജനം ടീവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴികളില്‍ നിന്നും വ്യക്തമാണ്. സ്വര്‍ണ കള്ളകടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ബി ജെ പി പ്രവര്‍ത്തകനായിരിക്കെ ജനം ടിവിയും സംഘപരിവാറും തുടക്കം മുതല്‍ തന്നെ മറ്റുചിലരെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസിനെ അട്ടിമറിക്കാനും ശ്രമം നടത്തിയിരുന്നു.

കേസന്വേഷണം അനില്‍ നമ്പ്യാരിലൂടെ മറ്റ് സംഘപരിവാര്‍ നേതാക്കളിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് ബിജെപി നേതാക്കള്‍ ജനം ടീവിയെ തള്ളിപറഞ്ഞ് രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ഇതിനിടയില്‍ കേസന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള ശ്രമങ്ങള്‍ തടയണമെന്നും, സംശയാസ്പദമായ കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നത് വരെ ശക്തമായ അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂരിന്റെ നേതൃത്വത്തില്‍ കൂടിയ വെബ് മീറ്റിങ്ങില്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശേരി, വൈസ് പ്രസിഡന്റ് എന്‍. എന്‍. ലത്തീഫ്, സെക്രട്ടറിമാരായ മുഹമ്മദ് ഉസ്മാന്‍, മുഹിനുദ്ദീന്‍ മലപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.




Tags:    

Similar News