ഭരണകൂടത്തിന്റേത് പൗരന്‍മാരുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള ഫാഷിസ്റ്റ് ഗൂഢതന്ത്രം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-07-29 04:05 GMT

റിയാദ്: ജനാധിപത്യരാജ്യത്തിലെ ജനങ്ങളുടെ സ്വകാര്യതയിലേക്കു കടന്നുകയറി സമാധാന ജീവിതം തകര്‍ക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടെലിഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളും, കേന്ദമന്ത്രിമാരും, സുപ്രിംകോടതി ജഡ്ജ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നൂറുക്കണക്കിന് പ്രമുഖവ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് ഇതിനകം റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.

സൈനിക ആവശ്യങ്ങള്‍ക്കായാണ് മിക്ക രാജ്യങ്ങളും ചാര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗപ്പെടുത്താറ്. എന്നാല്‍, ഇസ്രായേലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ തുനിയുന്നത്. രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടം അനുവര്‍ത്തിച്ചു വരുന്ന പൗരാവകാശ ധ്വംസനങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേതാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ റിപോര്‍ട്ടെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ അവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അരാജകത്വം സൃഷ്ടിക്കുന്ന നടപടി അപലപനീയമാണ്.

വ്യാജ ഭീകരാക്രമണങ്ങള്‍ നടത്തിയും കടുത്ത കപട ദേശീയവാദം ഉയര്‍ത്തിയും രാജ്യത്ത് അരാജകത്വവും പൗരന്‍മാരില്‍ അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഈയിടെ വ്യാജ ഭീകരാക്രമണങ്ങള്‍ നടത്തിയതിനു കശ്മീരില്‍ പിടിയിലായവരെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. സംഘപരിവാര്‍ ഭീകരര്‍ക്ക് ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ദിനേന വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വില കാരണം കോടിക്കണക്കിനു വരുന്ന ജനങ്ങളനുഭവിക്കുന്ന വിഷമാവസ്ഥ ഭരകൂടത്തിനോ പ്രതിപക്ഷ കക്ഷികള്‍ക്കോ ഒരു വിഷയമേ അല്ലാതായിരിക്കുന്നു.

പൗരത്വ നിയമ ഭേദഗതി നടത്തി ജനങ്ങളെ വഴിയാധാരമാക്കാനുള്ള നടപടികള്‍ക്ക് പുറമെ ജനസംഖ്യാ നിയന്ത്രണം വേണമെന്ന പ്രഖ്യാപനത്തിലൂടെ സംഘപരിവാര്‍ നേതാക്കള്‍ മഹാമാരിക്കാലത്തും അവരുടെ നാഗ്പൂര്‍ അജണ്ട നടപ്പാക്കാനുള്ള തത്രപ്പാടിലാണ്. രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായിട്ടും പ്രതിപക്ഷ കക്ഷികള്‍ ഏകസ്വരത്തില്‍ പ്രതികരിക്കാതിരിക്കുകയും സത്യം വിളിച്ചുപറയാന്‍ മടിക്കുകയും ചെയ്യുന്നത് ഭരണകൂട ഭീകരതയ്ക്ക് ആക്കം കൂട്ടുന്നതാണെന്നും സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News