ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി. ബിഹാര്‍ പാറ്റ്‌ന ഗോപാല്‍ ഗംഗ് സ്വദേശി മെഹബൂബ് മുജീബുല്‍ ഹഖി(46)ന്റെ മൃതദേഹമാണ് അസര്‍ നമസ്‌കാരാനന്തരം റിയാദുല്‍ ഖബറ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്. ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള റിയാദുല്‍ ഖബറയില്‍ ഏഴു വര്‍ഷമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തുവരുകയായിരുന്ന മുജീബുല്‍ ഹഖിന് ഹൃദയാഘാതം സംഭവിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നെങ്കിലും ചികില്‍സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ എല്ലാം ശരിയായപ്പോഴാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കൊറോണ ബാധയെ തുടര്‍ന്ന് നിര്‍ത്തലാക്കിയത്. തുടര്‍ന്ന് വീണ്ടും ആദ്യാവസാനം രേഖകള്‍ ശരിയാക്കി ഇവിടെ അടക്കം ചെയ്യുകയായിരുന്നു. മസ്ജിദുകള്‍ അടച്ചതിനാല്‍ പരിചയക്കാര്‍ അടക്കം കുറഞ്ഞ ആളുകളാണ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് നമസ്‌കാരത്തിനുണ്ടായിരുന്നത്. സ്‌പോണ്‍സര്‍ അലി ബിന്‍ സുലൈമാന്‍ ബിന്‍ സാലിം അല്‍ വബലിയാണ് എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു