'പെണ്‍കരുത്തിന്റെ നാള്‍വഴികള്‍' അതിജീവനത്തിന്റെ പുസ്തകം: മറിയം അല്‍ഷിനാസി
എഴുത്തുകാരിയുടെ സുഹൃത്ത് തസ്നിം കാസിം, ദുബയ് കെഎംസിസി വനിതാ വിങ് കോ-ഓഡിനേറ്റര്‍ സറീന ഇസ്മായില്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.
ഷാര്‍ജ: തികച്ചും പ്രതികൂലമായ ജീവിതചുറ്റുപാടില്‍നിന്നും വിജയത്തിന്റെ നിറവിലേക്കെത്തിയ ഒരു വ്യക്തിയുടെ ജീവിതം തുറന്നുകാട്ടുന്ന 'പെണ്‍കരുത്തിന്റെ നാള്‍വഴികള്‍' അതിജീവനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രശസ്ത അറബ് എഴുത്തുകാരി മറിയം അല്‍ഷിനാസി അഭിപ്രായപ്പെട്ടു.
ഖമറുന്നിസ അന്‍വര്‍ എഴുതിയ 'പെണ്‍കരുത്തിന്റെ നാള്‍വഴികള്‍' എന്ന പുസ്തകത്തിന്റെ ഗള്‍ഫ് സമാരംഭം നിര്‍വഹിക്കുകയായിരുന്നു അവര്‍. തലമുറകള്‍ക്ക് മാതൃക കാട്ടുന്ന ഇത്തരം പുസ്തകങ്ങള്‍ വായിക്കപ്പെടണമെന്ന് മറിയം അല്‍ഷിനാസി പറഞ്ഞു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സാമൂഹിക പരിരക്ഷയും അന്യമായ ഒരുകാലത്ത് പൊരുതി വിജയിച്ച എഴുത്തുകാരിയെ അവര്‍ പ്രകീര്‍ത്തിച്ചു.
എഴുത്തുകാരിയുടെ സുഹൃത്ത് തസ്നിം കാസിം, ദുബയ് കെഎംസിസി വനിതാ വിങ് കോ-ഓഡിനേറ്റര്‍ സറീന ഇസ്മായില്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ, യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അബ്ദു ശിവപുരം, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
ദുബയ് കെഎംസിസി വനിതാ വിങ് ജനറല്‍ സെക്രട്ടറി റീന സലിം എഴുത്തുകാരിയെയും പുസ്തകത്തെയും പരിചയപ്പെടുത്തി. ദുബയ് കെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്ദീന്‍, ഷാര്‍ജ കെഎംസിസി വനിതാ വിങ് മുഖ്യരക്ഷാധികാരി സൈനബ അബ്ദുല്ല, റാസല്‍ഖൈമ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് ജുമാന കരിം ആശംസകള്‍ നേര്‍ന്നു. എഴുത്തുകാരി ഖമറുന്നിസ അന്‍വര്‍ സൂമില്‍ സന്നിഹിതയായിരുന്നു.
'പെണ്‍കരുത്തിന്റെ നാള്‍വഴികള്‍' ഒക്ടോബര്‍ 25ന് പാണക്കാട്ട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രകാശനം ചെയ്തത്. എഴുത്തുകാരിയുടെ ജീവിതത്തിന്റെ നേര്‍ചിത്രം പകര്‍ത്തിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണനാണ്. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലെ ലിപി സ്റ്റാളില്‍ പുസ്തകം ലഭ്യമാണ്.