
ജിദ്ദ: ജിസാന്‍ ഇക്കണോമിക് സിറ്റിയില്‍ കഴിഞ്ഞ മാസം 27നുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉള്‍പ്പടെ ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജിസാന്‍ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച ഇന്ത്യയിലേക്ക് അയച്ചു. വിഷ്ണു പ്രസാദ് പിള്ളയുടെ മൃതദേഹം ജിസാനില്‍നിന്ന് ദമ്മാം വഴി എയര്‍ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് അയച്ചത്. ദിനകര്‍ ഭായ് ഹരി ഭായ് (ഗുജറാത്ത്), താരിഖ് ആലം (ബീഹാര്‍), മുസഫര്‍ ഹുസൈന്‍ഖാന്‍ ഇമ്രാന്‍ ഖാന്‍ (ഗുജറാത്ത്), പുഷ്‌കര്‍ സിങ് ധാമി (ഝാര്‍ഖണ്ഡ്), മഹേഷ് ചന്ദ്ര (ഝാര്‍ഖണ്ഡ്), മുഹമ്മദ് മുഹത്താഷിം റാസിന്‍ (ബീഹാര്‍), രമേശ് കപെല്ലി (തെലങ്കാന), സക്ലൈന്‍ ഹൈദര്‍ (ബീഹാര്‍) എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച്ച ജിസാനില്‍നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചു.
ബെയിഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലായിരുന്നു മൃതദേഹങ്ങള്‍. എംബാം ചെയ്യുന്നതിനായി അബൂഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ എ.സി.ഐ.സി സര്‍വിസ് കമ്പനി അധികൃതരെ നിരന്തരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെടുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. കോണ്‍സുലേറ്റ് സാമൂഹിക സമിതി അംഗങ്ങളായ താഹ കൊല്ലേത്ത്, ഷംസു പൂക്കോട്ടൂര്‍ എന്നിവര്‍ ജിസാനില്‍ ആവശ്യമായ സഹായങ്ങളും ചെയ്തു.
കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുടെ നിര്‍ദേശപ്രകാരം വൈസ് കോണ്‍സല്‍ സെയിദ് ഖുദറത്തുല്ല സംഭവമുണ്ടായി ഉടന ജിസാനില്‍ എത്തുകയും പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനുള്ള കോണ്‍സുലേറ്റിന്റെ അനുമതിപത്രം അന്നു തന്നെ അദ്ദേഹം കമ്പനി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
ബെയിഷ് ജിസാന്‍ ഇക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡിലാണ് ദമ്മാം ജുബൈല്‍ എ.സി.ഐ.സി സര്‍വിസ് കമ്പനി ജീവനക്കാര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടത്. ജിസാന്‍ ഇക്കണോമിക് സിറ്റി അരാംകോ റിഫൈനറി പ്രോജക്ടില്‍ ജോലിചെയ്തിരുന്ന കമ്പനിയുടെ 26 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. അരാംകോയിലേക്ക് രാവിലെ ഏഴിന് ജോലിക്ക് പോകുകയായിരുന്ന ഇവരുടെ മിനിബസിലേക്ക് അമിതവേഗതയിലെത്തിയ ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ആകെ 15 പേരാണ് മരിച്ചത്. ഒമ്പത് ഇന്ത്യക്കാരെ കൂടാതെ ബാക്കിയുള്ളവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. രണ്ടു മലയാളികളടക്കം 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിഷ്ണു പ്രസാദ് പിള്ള മൂന്ന് വര്‍ഷമായി ഈ കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറാണ്. അവിവാഹിതനാണ്. കൊല്ലം കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിന്റെയും രാധയുടെയും മകനാണ്. സഹോദരന്‍ മനു പ്രസാദ് പിള്ള യു.കെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. ജിസാനില്‍നിന്ന് ദമ്മാം വഴി അയച്ച വിഷ്ണുവിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചയോടെ കേരളപുരത്തുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും.