'ഹോപ്പ്' കുട്ടികളുടെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു; വിജയികള്‍ക്ക് ലക്ഷം വിലവരുന്ന സമ്മാനങ്ങള്‍
ഈമാസം 30ാം തിയ്യതിക്കുള്ളിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. എ ഗിഫ്റ്റ് ഓഫ് ഹോപ്പ്, എ ലെറ്റര്‍ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മല്‍സരം.
ദുബയ്: ദുബയ് കേന്ദ്രമായുള്ള ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് കുട്ടികളുടെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. 'ഹോപ്പ് 2020 ചില്‍ഡ്രന്‍സ് ഡേ സ്പെഷ്യല്‍ കോണ്ടസ്റ്റ് എന്ന പേരിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് മല്‍സരം. കുട്ടികളുടെ കഴിവുകള്‍ ഹോപ്പിന്റെ വെബ്സൈറ്റ് മുഖേനയുള്ള ലിങ്കിലേക്ക് അയച്ചുകൊടുത്താണ് മല്‍സരത്തിന്റെ ഭാഗമാവാന്‍ കഴിയുക. വിജയികള്‍ക്ക് ലക്ഷം രൂപ വിലവരുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും.
ഈമാസം 30ാം തിയ്യതിക്കുള്ളിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി, ഇന്ത്യയ്ക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രസ്ഥാനമാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനെന്ന് ഹോപ്പിന്റെ സ്ഥാപകന്‍ ഹാരിസ് പറയുന്നു. കാന്‍സര്‍ ബാധിച്ച നിരവധി കുട്ടികളെയാണ് ഹോപ്പ് ഹോമില്‍ സംരക്ഷിച്ചുവരുന്നത്. ഇതരകുട്ടികളുടെ സര്‍ഗാത്മക കഴിവുകളും സന്തോഷ നിമിഷങ്ങളും ഹോപ്പിലെ കുരുന്നുകള്‍ക്ക് സമ്മാനിച്ച് അവരെ സമൂഹത്തില്‍ സജീവമാവാനാണ് മല്‍സരം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ ഗിഫ്റ്റ് ഓഫ് ഹോപ്പ്, എ ലെറ്റര്‍ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മല്‍സരം.
അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തുകഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാക്കി വെബ്സൈറ്റ് മുഖേന അയച്ചുകൊടുക്കുന്നതാണ് മല്‍സര രീതി. ആറുവയസ് മുതല്‍ 10 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗമാണ് ലെറ്റര്‍ ഓഫ് ഹോപ്പ്. ഹോപ്പിലെ കുരുന്നകള്‍ക്ക് പ്രചോദന കത്ത് എഴുതുന്നതാണ് ഇത്. കുട്ടികള്‍ സ്വന്തം കൈപ്പടയിലാണ് എഴുതേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും കത്തെഴുതാം.
എഴുതിയ കത്തും, അതിന്റെ ചെറിയ വീഡിയോയും ഹോപ്പിലേക്ക് അയക്കുന്നതാണ് ഇതിന്റെ നിബന്ധന. 'കുട്ടികളിലെ കാന്‍സര്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ- പ്രഭാഷണം നടത്തുന്നതാണ് വേഡ് ഓഫ് ഹോപ്പ്. 11 മുതല്‍ 15 വയസ് വരെ പ്രായമുള്ളവര്‍ക്കായാണ് ഈ മല്‍സരം. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാം. വീഡിയോ ഒരുമിനിറ്റില്‍ താഴെയായിരിക്കണം. ദുബയിലെ 'കില്ട്ടന്' ബിസിനസാണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. മല്‍സര ലിങ്ക്: http://hopechildcancercare.org/contest/