ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സംഗമം

പരിപാടി മക്ക ഗവര്‍ണറേറ്റിന് കീഴിലെ ജംഇയ്യത്തു മാറാകിസുല്‍ അഹ്‌യാ റീജിയണല്‍ മാനേജര്‍ യഹിയ ഇബ്‌റാഹിം തുക്ബി ഉല്‍ഘാടനം ചെയ്തു.

Update: 2022-07-31 07:11 GMT

റിയാദ്: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യ ഭൂമിയില്‍ ആദ്യ ഹാജിയുടെ ആഗമനം മുതല്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആരംഭിച്ച ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വളണ്ടിയര്‍മാരുടെ സംഗമം മക്കയില്‍ സംഘടിപ്പിച്ചു. വര്‍ണശബളമായ പരിപാടി മക്ക ഗവര്‍ണറേറ്റിന് കീഴിലെ ജംഇയ്യത്തു മാറാകിസുല്‍ അഹ്‌യാ റീജിയണല്‍ മാനേജര്‍ യഹിയ ഇബ്‌റാഹിം തുക്ബി ഉല്‍ഘാടനം ചെയ്തു.

ഏറ്റവും നല്ല സല്‍കര്‍മ്മം സഹജീവികളെ സഹായിക്കലാണെന്നും അത് അല്ലാഹുവിന്റെ അതിഥികളെ കൂടിയാകുമ്പോള്‍ അളവറ്റ പ്രതിഫലമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറവുമൊന്നിച്ചു നടത്തിവന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. കൊറോണ വ്യാപനം മൂലം ഹജ്ജിനു നിയന്ത്രണങ്ങള്‍ വരുന്നത് വരെ ഇത് തുടര്‍ന്ന് പോന്നു. മനസ്സിന് കുളിര്‍മ നല്‍കിയ ദിവസങ്ങളായിരുന്നു അത്. വരും വര്‍ഷങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോകുന്നതിനു എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎഫ്എഫ് ജിദ്ദ റീജിയണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ തമിഴ്‌നാട് അധ്യക്ഷത വഹിച്ചു. ഈവര്‍ഷത്തെ ഹജ്ജ് സേവനത്തില്‍ പല ആശങ്കകളും നിലനിന്നിരുന്നതായും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഹറം, അസീസിയ മുതല്‍ മിന, അറഫാ വരെ സുഗമമായി വോളന്റിയര്‍മാര്‍ക്ക് സേവനം ചെയ്യാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി ഫോറവും മറ്റു കൂട്ടായ്മകളുമൊത്ത് വളണ്ടിയര്‍ സേവനത്തില്‍ പ്രവര്‍ത്തിക്കാനായത് ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ഐപിഡബ്ല്യുഎഫ് പ്രസിഡന്റ് അയൂബ് ഹകീം ആശംസ പ്രസംഗത്തില്‍ പറഞ്ഞു.

ഡോ. അബ്ദുല്‍ മോഹി (കോര്‍ഡിനേറ്റര്‍ ഇന്ത്യന്‍ മെഡിക്കല്‍ മിഷന്‍), അബ്ദുല്‍ മുഗീത് (കോണ്‍സുലേറ്റ് ജിദ്ദ), മൗലാന യൂനുസ് (ഹജ്ജ് മിഷന്‍ മീഡിയ ഇന്‍ചാര്‍ജ്), മുഹമ്മദ് സിദ്ദീഖി (മാറാകസുല്‍ അഹ്‌യാ മുന്‍ വളണ്ടിയര്‍ കോഡിനേറ്റര്‍) എന്നിവര്‍ സംസാരിച്ചു.പ്രമുഖ വ്യക്തിത്വങ്ങള്‍ക്കു മെമന്റോ നല്‍കി ആദരിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക ടീം കോഡിനേറ്റര്‍ ഖലീല്‍ ചെമ്പയില്‍ സ്വാഗതം ആശംസിച്ചു. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫാര്‍ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Tags:    

Similar News