ഇന്ത്യ- സൗദി വിമാന സര്‍വീസ്: സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നുവെന്ന് അംബാസിഡര്‍
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഹജ്ജിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചാല്‍ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരിശീലനവും ഇന്ത്യയില്‍തന്നെ നല്‍കുമെന്ന് അംബാസിഡര്‍ പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള കര്‍മങ്ങളായിരിക്കുമുണ്ടാവുക
കബീര്‍ കൊണ്ടോട്ടി
ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സയ്ദ്. സൗദിയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും സിവില്‍ ഏവിയേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി എയര്‍ലൈനിന്റെയും എയര്‍ ഇന്ത്യയുടെയും ഷെഡ്യൂളുകള്‍ തയ്യാറായിട്ടുണ്ട്. വ്യോമയാന മേഖലയുടെ അനുമതി ലഭിച്ചാലും കൊവിഡ് വൈറസ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഇരുരാജ്യങ്ങളുടെയും ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ ഇന്ത്യയില്‍ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനും ഹജ്ജ് ഉംറ മന്ത്രാലയവുമായി ചര്‍ച്ച നടത്തി വിവിധ നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൗദി അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഹജ്ജിന് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചാല്‍ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരിശീലനവും ഇന്ത്യയില്‍തന്നെ നല്‍കുമെന്ന് അംബാസിഡര്‍ പറഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള കര്‍മങ്ങളായിരിക്കുമുണ്ടാവുക.
ആരോഗ്യമന്ത്രാലയത്തിന്റെ കൂടി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി ഉണ്ടാവുക. 60 വയസ്സിന് മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിക്ക് സാധ്യത കുറവാണ്. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ ടൂറിസ്റ്റ് വിസ ഒഴികെയുള്ള വിസകള്‍ നല്‍കുന്ന പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് ഇതുവരെ 82,270 വിവിധ പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിഎഫ്എസിന്റെ സേവനം കൂടുതല്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യന്‍ പ്രവാസികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് 2,32,556 പേരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. ആംനസ്റ്റി കാലത്തെ 75,000 ഓളം എണ്ണം ഉള്‍പ്പെടെ എല്ലാ റെക്കോര്‍ഡുകളെയും ഇത് മറികടന്നു.
1,295 വിമാനങ്ങള്‍ സര്‍വീസ് നടത്തി. അതില്‍ 1,011 ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളും 276 വിബിഎം ഫ്‌ളൈറ്റുകളുമാണ്. വിവിധ കേസുകളില്‍പെട്ട് സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 2,200 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചു. ശേഷിക്കുന്നവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ പുതിയ കഫാല പരിഷ്‌കരണത്തെ ഇന്ത്യന്‍ അംബാസിഡര്‍ സ്വാഗതം ചെയ്തു. ധാരാളം ആളുകള്‍ക്ക് എക്‌സിറ്റ് വിസ ലഭിക്കുന്നതിന് പുതിയ നിയമം സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വെല്‍ഫെയര്‍ മിഷനും സൗദി ലേബര്‍ അധികാരികളുമായി വളരെ നല്ല ബന്ധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ തൊഴില്‍ കേസുകളില്‍പ്പെട്ട 3,337 പേരെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നാട്ടിലേക്കയച്ചു. ഇനി 4,000 പേര്‍ അവശേഷിക്കുന്നുണ്ട്. അതില്‍ ചിലര്‍ക്ക് ഹുറൂബ് കേസുകളുണ്ട്. തൊഴില്‍ അധികൃതരുടെ സഹകരണത്തോടെ അവര്‍ക്ക് താമസിയാതെ രാജ്യം വിടാന്‍ സൗകര്യമൊരുക്കും. സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്താന്‍ സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് കൂടുതല്‍ വിപുല പ്പെടുത്തിയെന്നും ഡോ.ഔസാഫ് സയ്ദ് പറഞ്ഞു. ആക്ടിങ് കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍, പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ ഹംന മറിയം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.