ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം
രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇത് പരിഗണിക്കാനായി നിവേദനം ലഭിക്കുകയാണെങ്കില്‍ നിയമപരമായി ആ നിവേദനം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിര്‍ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ നിവേദനത്തില്, ഓരോ എംബസികളിലും കോടിക്കണക്കിനു രൂപ ഫണ്ടിലുണ്ടെന്നും ഇതുപയോഗിച്ച് അര്‍ഹരായ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളെ സൗജന്യമായി അവരവരുടെ നാട്ടിലെത്തിക്കുന്നതു പോലെ ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട പ്രവാസികളെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനം നിയമപരമായി പരിഗണിക്കുമെന്ന് സുപ്രിം കോടതിക്ക് നല്‍കിയ വാക്ക് പാലിക്കപ്പെടുമെന്നും പാവപ്പെട്ട പ്രവാസികളെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രവാസ ലോകം പ്രതീഷിക്കുന്നതെന്നും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു. സമാനമായ ഹരജിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കാനുള്ള അപേക്ഷ പ്രവാസികള്‍ നല്‍കിയാല്‍ അത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി നല്‍കിയ നിര്‍ദേശവും നിലവിലുണ്ട്.