പ്രവാസി ക്ഷേമ ഫണ്ട് ലഭിച്ചാല്‍ തിരിച്ചടക്കേണ്ടിവരും; കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്ന് സംഘടനകള്‍
നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് ക്ഷേമ ഫണ്ട് വഴി സഹായം നല്‍കിവരുന്നത്.
റിയാദ്: അടിയന്തര ഘട്ടത്തില്‍ പ്രവാസികളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച വെല്‍ഫെയര്‍ ഫണ്ട് സ്വീകരിച്ചവര്‍ മടക്കി നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പ്രതിഷേധത്തിനിടയാക്കി. നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ്, ജയിലുകളിലും മറ്റും കഴിയുന്നവര്‍ക്ക് നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് ഈ ഫണ്ട് വഴി സഹായം നല്‍കിവരുന്നത്. ഇത് കുടിശ്ശികയായി പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും മടക്കി നല്‍കണമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത പുറത്ത് വന്നതോടെ ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ ഫണ്ട് വിവാദത്തിലായി. സ്വീകര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് നമ്പറില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന സഹായ സംഖ്യ പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്ക് പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസുകളേയോ എംബസികളേയോ സമീപിക്കുമ്പോള്‍ തിരിച്ചുനല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ടിക്കറ്റ് ഈ ഫണ്ടില്‍നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനായി അപേക്ഷ നല്‍കിയവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയാല്‍ അവര്‍ക്കായിരിക്കും ഈ സഹായ കുടിശ്ശികയുടെ ചുമതല. ആറു മാസം മുമ്പാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഴിയുള്ള സഹായം സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.
വെല്‍ഫെയര്‍ ഫണ്ട് സ്വീകരിച്ചാല്‍ അതു തിരിച്ചുനല്‍കേണ്ടിവരുമെന്ന് എംബസിയിലേയും കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥര്‍ പറയുന്നതു കാരണം പലരും ഈ സഹായം സ്വീകരിക്കാന്‍ മടി കാണിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ എം.കെ രാഘവന്‍ എം.പിയോട് ചില സംഘടനകള്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ നിസ്സഹായരായ പ്രവാസികളാണ് ഈ ഫണ്ട് സ്വീകരിക്കുന്നതെന്നതിനാല്‍ ഇത് തിരിച്ചുചോദിക്കുന്നത് പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയാണെന്നാണ് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ ആരെങ്കിലും വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ചാല്‍ പാസ്‌പോര്‍ട്ട് നമ്പറില്‍ ചേര്‍ക്കുമെങ്കിലും അത് ഭാവിയില്‍ തിരിച്ചു നല്‍കേണ്ടിവരുമെന്ന കാര്യം അറിയില്ലെന്നുമാണ് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ പ്രതികരിച്ചത്.
വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിനോ ജോലിക്കോ എത്തി പല കാരണങ്ങള്‍ക്ക് ദുരിതത്തിലകപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ 2009ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐ.സി.ഡബ്ലിയു.എഫ്) ആരംഭിച്ചത്. ഇന്ത്യക്കാരായ പ്രവാസികള്‍ പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഇന്ത്യന്‍ മിഷനുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയിലെ ഒരു വിഹിതമാണ് ഈ വെല്‍ഫയര്‍ ഫണ്ടിലെത്തുന്നത്. സൗദിയില്‍ 2013ലെയും 2017ലെയും പൊതുമാപ്പ് സമയത്ത് അനധികൃത താമസക്കാരായ ഇന്ത്യക്കാരെ സഹായിക്കാനും ലിബിയ, ഇറാഖ്, യമന്‍, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ പെട്ടെന്ന് നാട്ടിലെത്തിക്കാനും ഈ ഫണ്ട് ഉപയോഗപ്പെടുത്തിയിരുന്നു.