ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി; ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി നാടണഞ്ഞു
റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് റമീസ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. റിയാദിലെ ഷിഫയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് പ്രതിസന്ധിമൂലം മാസങ്ങളോളമായി ജോലിയില്ലാതെ വരികയും നാട്ടിലേക്ക് തിരിച്ചുപോവാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഫീലിന്റെ വാഹനം സ്വന്തം ആവശ്യത്തിനു കടയില്‍ കൊണ്ടുപോവുന്നതിനിടെ അപകടത്തില്‍പ്പെട്ടു. വാഹനം നന്നാക്കാന്‍ 10,000 റിയാല്‍ കഫീലിന് ചെലവായി. ജോലിയില്ലാത്ത അവസ്ഥയില്‍ കഫീലിന് അധിക ബാധ്യത വരുത്തുകയും ചെയ്തതു കാരണം അടിയന്തിരമായി നാട്ടിലേക്കുമടങ്ങാന്‍ കഫീല്‍ നിര്‍ബന്ധിച്ചതോടെ റമീസ് പ്രതിസന്ധിയിലാവുകയായിരുന്നു.
ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാടണയാന്‍ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പദ്ധതിയായ 'നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്' എന്ന പോസ്റ്റര്‍ ശ്രദ്ധയില്‍പെട്ടത്. സുഹൃത്തായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഷെമീര്‍ കൊല്ലം മുഖേന റിയാദിലെ സോഷ്യല്‍ ഫോറം നേത്യത്വത്തെ സമീപിച്ചു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, വെല്‍ഫയര്‍ കോ-ഓഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറം, ഷിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വേങ്ങൂര്‍ എന്നിവര്‍ ഇടപെട്ട് വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തു. ജൂലൈ 11ന് റിയാദ് കോഴിക്കോട് ചാര്‍ട്ടേഡ് വിമാനത്തില്‍ റമീസ് നാട്ടിലേക്ക് തിരിച്ചു.
Indian Social Forum assisted; Wayanad native, who lost his job, reached at home