ദമ്മാം: ഇന്ത്യയുടെ 72ാമത് റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സായാഹ്‌ന സംഗമം സംഘടിപ്പിച്ചു. ദമ്മാമില്‍ നടന്ന പരിപാടി സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26ന് റിപബ്ലിക്കായി. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 71 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ തെരുവില്‍ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്‍സൂര്‍ എടക്കാട് പറഞ്ഞു.
ഇന്ത്യന്‍ ജനതക്ക് അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന ബില്ലുകള്‍ പാസാക്കി കോര്‍പറേറ്റുകളെ പനപോലെ വളര്‍ത്തുന്ന കര്‍ഷകവിരുദ്ധ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തെരുവില്‍ നേരിട്ട പോലിസ് നടപടിയില്‍ സംഗമം പ്രതിഷേധിച്ചു. ഭയമില്ലാത്ത ഒരു ജനതയുടെ മുന്നേറ്റംകണ്ട കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹപരമായ ബില്ല് പിന്‍വലിക്കണമെന്നും കേരള സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം റദ്ദുചെയ്യണമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
സായാഹ്ന സംഗമത്തില്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലങ്കോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ ഇബ്രാഹിം കൊല്ലം, അഹ്മദ് സൈഫുദ്ദീന്‍, ശരീഫ് തങ്ങള്‍ സംസാരിച്ചു. സുബൈര്‍ നാറാത്ത്, അഫ്‌നാസ് കണ്ണൂര്‍ സംബന്ധിച്ചു.