സംഘപരിവാര പ്രീണനം: പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: കാലാകാലമായി നാം കാത്തുസൂക്ഷിച്ച സൗഹാര്‍ദ അന്തരീക്ഷം സംഘപരിവാര പ്രീണനത്തിലൂടെ പിണറായി സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. കേരളത്തിലുടനീളം സംഘപരിവാരവും ബിജെപിയും അതിപ്രകോപനപരമായ പ്രസ്താവനകളും പ്രസംഗങ്ങളും പരസ്യമായി നടത്തിയിട്ടുപോലും കേസെടുക്കാതെ ആര്‍എസ്എസ് ക്രിമിനലുകളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സമീപനമാണ് കേരള പോലിസ് സ്വീകരിക്കുന്നത്. എന്നാല്‍, നിസ്സാര കേസുകളെ മറയാക്കി ന്യൂനപക്ഷങ്ങളുടെയും ദലിത്- ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെയും വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലിസ് നരനായാട്ട് നടത്തിക്കൊണ്ടിരിക്കുന്നു.
ഒരു പ്രദേശം മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ പ്രാപ്തിയുള്ള ആയുധശേഖരം ആലപ്പുഴയില്‍ നിന്ന് കണ്ടെടുത്തിട്ടും ആയുധമേന്തി പരസ്യമായി പദയാത്ര സംഘടിപ്പിച്ചിട്ടും അത് കാര്യമായി അന്വേഷിക്കാനോ ഗൂഢാലോചന പുറത്തുകൊണ്ടുവരാനോ കേരള പോലിസ് തയ്യാറാവുന്നില്ല. ഹവാലാ കേസിലും കോഴക്കേസിലും കെ സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത് വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാതിരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പിണറായി സര്‍ക്കാരും സംഘപരിവാരവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഒലയ്യ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റസാഖ് മാക്കൂല്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി പുനസ്സംഘടനയുടെ ഭാഗമായി അബ്ദുല്‍ കലാമിനെ ജനറല്‍ സെക്രട്ടറിയായും ബിലാല്‍ അബ്ദുല്‍ അസീസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ ചെറുതുരുത്തി നിയന്ത്രിച്ചു. അബ്ദുല്‍ കലാം അബ്ദുല്‍ ജലീല്‍ എടപ്പാള്‍ അബ്ദുല്‍ അസീസ് ആലുവ ഹാഷിം അബ്ദുല്‍ കരീം, ഷഫീഖ് കണ്ണൂര്‍ സുഹൈല്‍ വര്‍ക്കല ബഷീര്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു.