മീഡിയാ വണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഏറ്റുവാങ്ങി
ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് പ്രയോജകരായ ഡോട്‌സ് ഹോം അപ്ലയന്‍സസ് ഓപറേഷന്‍ മാനേജര്‍മാരായ ഷാഫി പാറേങ്ങല്‍, ബാവുട്ടി മൂപ്പന്‍ എന്നിവരാണ് പുരസ്‌കാരം കൈമാറിയത്.
ജിദ്ദ: കൊവിഡ് 19 ഭീതിവിതച്ച നാളികളില്‍ സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യരംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ സംഘടനകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മീഡിയാ വണ്‍ ഏര്‍പ്പെടുത്തിയ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റിക് വേണ്ടി നാഷനല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവര്‍ ഏറ്റുവാങ്ങി. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് പ്രയോജകരായ ഡോട്‌സ് ഹോം അപ്ലയന്‍സസ് ഓപറേഷന്‍ മാനേജര്‍മാരായ ഷാഫി പാറേങ്ങല്‍, ബാവുട്ടി മൂപ്പന്‍ എന്നിവരാണ് പുരസ്‌കാരം കൈമാറിയത്.
സൗദിയിലുടനീളം റിയാദ്, ദമ്മാം, ജിദ്ദ, അസീര്‍ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റികളുടെ കീഴില്‍ ഏകോപിപ്പിച്ച് നടത്തിയ സന്നദ്ധ സേവനപ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് മീഡിയാ വണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തിരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കൊവിഡ് ഭീതിയുടെ നാളുകളില്‍ സൗദി ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും, വിവിധഭാഷകളില്‍ ഹെല്‍പ് ഡെസ്‌കുകളും ആരംഭിച്ചിരുന്നു.
വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളില്‍ സുരക്ഷാ നിര്‍ദേശങ്ങളുടെ സമൂഹമാധ്യമ പോസ്റ്ററുകള്‍, കൗണ്‍സലിങ് സംവിധാനങ്ങള്‍, ആരോഗ്യമേഖലയില്‍ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരുടെ സേവനം എന്നിവയും സജ്ജമാക്കിയിരുന്നു. സേവനരംഗത്ത് കര്‍മനിരതരായ വളണ്ടിയര്‍മാര്‍ക്ക് കേരള സംസ്ഥാന കൊവിഡ് നോഡല്‍ ഓഫിസറുടെ ഓണ്‍ലൈന്‍ ട്രെയ്‌നിങ് സംഘടിപ്പിക്കുകയുണ്ടായി. ജോലിയില്ലാതെയും വരുമാനം മുടങ്ങിയും കഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ പരമാവധി ശ്രദ്ധപതിപ്പിച്ചിരുന്നു. കൊവിഡ് ബാധിച്ചവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുന്നതിലും താമസസ്ഥലങ്ങളില്‍ കുടുങ്ങിയ രോഗികള്‍ക്ക് മരുന്നെത്തിച്ചു കൊടുക്കുന്നതിലും സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍ സദാ സേവനനിരതരായിരുന്നു.
ക്വാറന്റൈന്‍ സെന്ററുകള്‍ സംവിധാനം ചെയ്യുകയും കൊവിഡ് ബാധിച്ച് ചികില്‍സയ്ക്ക് ശേഷം ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കുന്നതിനും സോഷ്യല്‍ ഫോറം ശ്രദ്ധപതിപ്പിച്ചു. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് എസ് ഡിപിഐ ഘടകവുമായി ബന്ധപ്പെട്ട് ഭക്ഷണപദാര്‍ഥങ്ങളും മരുന്നുകളും എത്തിച്ചുനല്‍കുന്നതില്‍ പ്രത്യേക സംവിധാനങ്ങളാണ് കൊവിഡ് ഭീതി വിതച്ച കാലത്ത് ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്റ്റേറ്റ്‌സ് പ്രസിഡന്റ് മുജാഹിദ് പാഷ ബംഗളൂരു, സോഷ്യല്‍ ഫോറം കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ മംഗളൂരു, കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ ലീഡര്‍ ഫൈസല്‍ മമ്പാട് എന്നിവരും അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.