എന്‍പിആര്‍: ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് സോഷ്യല്‍ ഫോറം
മുഖ്യമന്ത്രി ഒരുഭാഗത്ത് രക്ഷകന്റെ വേഷമിടുകയും മറുഭാഗത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മുമ്പില്‍ കീഴടങ്ങുന്നതുമായ ഇരട്ട സമീപനത്തിനുമാണു കേരളം സാക്ഷ്യംവഹിക്കുന്നത്.
ദമ്മാം: സെന്‍സസിന്റെ മറവില്‍ സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ, ഉദ്യോഗസ്ഥതല ഗൂഢാലോചന പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖതീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഉദ്യോഗസ്ഥതലത്തിലും പോലിസിലും സംഘപരിവാറിന്റെ സ്വാധീനം കുപ്രസിദ്ധമാണ്. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേക്ക് ഇത് വളര്‍ന്നിരിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
മുഖ്യമന്ത്രി ഒരുഭാഗത്ത് രക്ഷകന്റെ വേഷമിടുകയും മറുഭാഗത്ത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മുമ്പില്‍ കീഴടങ്ങുന്നതുമായ ഇരട്ട സമീപനത്തിനുമാണു കേരളം സാക്ഷ്യംവഹിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളിലേക്ക് എന്‍പിആര്‍ നടപ്പാക്കുന്നതിനായി സെന്‍സസ് ഉദ്യോഗസ്ഥരെ ഏര്‍പ്പാട് ചെയ്യുന്നതിനായി സര്‍ക്കുലര്‍ അയക്കുകയും വിവാദങ്ങളുണ്ടാവുമ്പോള്‍ നിഷേധിക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. അത്തരം ഉത്തരവുകളുടെ ഉറവിടം കണ്ടെത്തി നടപടികളെടുക്കാതെ ഇനിയും ജനങ്ങളെ വിഢികളാക്കാനാണ് ശ്രമമെങ്കില്‍ മതേതരസമൂഹം ഇതിനെ തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, തെരുവിലും നേരിടേണ്ടിവരും.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയലക്ഷ്യമാണെങ്കില്‍ ഇരകളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പിനായുള്ള പോരാട്ടമാണെന്ന് മുന്നണികള്‍ തിരിച്ചറിയണമെന്നും സോഷ്യല്‍ ഫോറം ഓര്‍മിപ്പിച്ചു. ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. ഫോറം സ്‌റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നസിം കടയ്ക്കലിന് പരിപാടിയില്‍ സ്വീകരണം നല്‍കി. റഹീസ് കടവില്‍, റാഫി വയനാട്, മുഹമ്മദ് കോയ, ഫൈസല്‍ പാലക്കാട്, മൂസ എടപ്പാള്‍ സംബന്ധിച്ചു.