സോഷ്യല്‍ ഫോറം തുണയായി; കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തിനിരയായ നസീര്‍ മുഹമ്മദ് നാട്ടിലേക്ക് മടങ്ങി

സപ്തംബര്‍ അവസാനവാരം പുലര്‍ച്ചെ രണ്ടുമണിക്ക് അടുത്ത റൂമിലെ യുപി സ്വദേശിയുടെ നിലവിളി കേട്ട് രക്ഷിക്കാന്‍ പുറത്തിറങ്ങിയ നസീര്‍ മുഹമ്മദിനെ എട്ടുപേരടങ്ങുന്ന ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു. നസീറിന്റെ കൈകള്‍ ബന്ധിച്ച് കമ്പി വടികൊണ്ട് നട്ടെല്ല് അടിച്ച് ഒടിക്കുകയും കെട്ടിയിടുകയും ചെയ്തു.

Update: 2019-10-10 17:37 GMT

റിയാദ്: ജോലിസ്ഥലത്ത് ആടിനെ മോഷ്ടിക്കാന്‍ വന്ന കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ശുമേസി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി നസീര്‍ മുഹമ്മദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. അല്‍ ഹൈര്‍ റോഡിലെ മസറയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌പോണ്‍സറുടെ കീഴില്‍ ആടിനെ മേയ്ക്കുന്ന ജോലിയായിരുന്നു നസീര്‍ മുഹമ്മദിന്. കവര്‍ച്ചാസംഘം സ്ഥിരമായി ആ പ്രദേശങ്ങളില്‍ കയറിയിറങ്ങുന്നതും അക്രമിക്കപ്പെടുന്നതും ആടിനെ മോഷ്ടിക്കുന്നതും പതിവുകാഴ്ചയാണന്ന് നസീര്‍ മുഹമ്മദ് പറയുന്നു. സപ്തംബര്‍ അവസാനവാരം പുലര്‍ച്ചെ രണ്ടുമണിക്ക് അടുത്ത റൂമിലെ യുപി സ്വദേശിയുടെ നിലവിളി കേട്ട് രക്ഷിക്കാന്‍ പുറത്തിറങ്ങിയ നസീര്‍ മുഹമ്മദിനെ എട്ടുപേരടങ്ങുന്ന ആയുധധാരികള്‍ അക്രമിക്കുകയായിരുന്നു. നസീറിന്റെ കൈകള്‍ ബന്ധിച്ച് കമ്പി വടികൊണ്ട് നട്ടെല്ല് അടിച്ച് ഒടിക്കുകയും കെട്ടിയിടുകയും ചെയ്തു.

ശക്തമായ അടിയില്‍ നസീറിന്റെ സുഷുമ്‌നാ നാഡിക്ക് കാര്യമായ പരിക്ക് പറ്റുകയും അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ കിടപ്പിലാവുകയും ചെയ്തു. സ്‌പോണ്‍സറുടെ സഹായത്തോടെ ഷുമേസി ഹോസ്പിറ്റലിലെത്തിച്ച നസീറിനെ അടിയന്തരശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ദമ്മാമിലുള്ള നസീറിന്റെ ബന്ധു ഷിബിന്‍ റിയാദിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ കോ-ഓഡിനേറ്റര്‍ മൊഹിനുദ്ദീനെ മലപ്പുറത്തിനെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ടീം അംഗങ്ങളായ മുനീബ് പാഴൂര്‍, അഷ്‌റഫ് വേങ്ങൂര്‍, സുല്‍ഫിക്കര്‍, ഷിബിലി തിരുവനന്തപുരം, അബ്ദുല്‍ അസീസ്, കുഞ്ഞുമുഹമ്മദ് കുട്ടി (ബാപ്പുട്ടി) എന്നിവരാണ് ഹോസ്പിറ്റലില്‍ നസീറിന് കൈത്താങ്ങായി പ്രവര്‍ത്തിച്ചത്. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ തയ്യാറാക്കി അന്നേദിവസം തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്ന മാഹീനൊപ്പം ഒക്ടോബര്‍ 9ന് നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. 

Tags:    

Similar News