അബൂദബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ ഇന്തോനേസ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‌കാരം ഇന്തോനേസ്യന്‍ സര്‍ക്കാര്‍ ആദരിച്ചു. ഇന്തോനേസ്യയുടെ വാണിജ്യ വ്യവസായ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അബൂദബി എമിറേറ്റ്‌സ് പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഇന്തോനേസ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ സര്‍ക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നല്‍കി ആദരിച്ചത്.
ഇന്തോനേസ്യന്‍ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്തോനേസ്യയിലെ യുഎഇ സ്ഥാനപതി അബ്ദുല്ല അല്‍ ദാഹിരി, യുഎഇയിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസൈന്‍ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്തോനേസ്യയില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുകയും പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേസ്യന്‍ സര്‍ക്കാര്‍ യൂസഫലിയെ പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഇന്തോനേസ്യയുടെ ഉന്നത ബഹുമതി ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേസ്യന്‍ പ്രസിഡന്റിനും സര്‍ക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. 3,000 കോടി (500 മില്യന്‍ ഡോളര്‍) രൂപയാണ് ഇന്തോനേസ്യയില്‍ ലുലുവിനുള്ള നിക്ഷേപം. 350 കോടി രൂപ മുതല്‍മുടക്കില്‍ ആധുനിക രീതിയിലുള്ള ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
2016ല്‍ ലുലുവിന്റെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രസിഡന്റ് ജോക്കൊ വിദോദൊയായിരുന്നു ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ വി ഐ സലിം, ലുലു ഇന്തോനേസ്യ ഡയറക്ടര്‍ പി എ നിഷാദ്, റീജ്യനല്‍ ഡയറക്ടര്‍ ഷാജി ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു. ഇറ്റലിയില്‍ നടന്ന ജി- 20 ഉച്ചകോടി, സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോവില്‍ നടന്ന ലോകനേതാക്കളുടെ ആഗോള കാലാവസ്ഥ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്താണ് ഇന്തോനേസ്യന്‍ പ്രസിഡന്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയത്.