കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് വിമാനക്കമ്പനികള്‍
ലോകത്തെ 85 ശതമാനം എയര്‍ലൈനുകളും വന്‍പ്രതിസന്ധിയിലാണ്. രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ പിന്തുണയില്ലെങ്കില്‍ വര്‍ഷാവസാനത്തോടെ പല കമ്പനികളും തകരുമെന്ന് ഇരുകമ്പനികളുടെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ദുബയ്: കൊവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് വിമാനയാത്രകള്‍ മടങ്ങിയെത്താന്‍ മൂന്നുവര്‍ഷങ്ങമെങ്കിലുമാവുമെന്ന് വിമാനക്കമ്പനികള്‍. മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വെയ്‌സുമാണ് ഈ ആശങ്ക പങ്കുവച്ചത്. അമേരിക്ക- യുഎഇ ബിസിനസ് കൗണ്‍സിലാണ് കമ്പനി പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്കും ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഡഗ്ലസുമായി ബിസിനസ് കൗണ്‍സില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്.
ലോകത്തെ 85 ശതമാനം എയര്‍ലൈനുകളും വന്‍പ്രതിസന്ധിയിലാണ്. രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ പിന്തുണയില്ലെങ്കില്‍ വര്‍ഷാവസാനത്തോടെ പല കമ്പനികളും തകരുമെന്ന് ഇരുകമ്പനികളുടെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കൊവിഡിന് ഫലപ്രദമായ വാക്‌സിന്‍ സുലഫമായി ലഭ്യമാവുന്നതുവരെ യാത്രക്കാര്‍ എങ്ങനെ വിമാനയാത്രയെ ആശ്രയിക്കുമെന്നതില്‍ സംശയമുണ്ട്. 14 ദിവസത്തെ ക്വാറന്റൈന്‍, പരിശോധന, സാമൂഹിക അകലം എന്നീ നിയന്ത്രണങ്ങള്‍ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെയും യാത്രക്കാരുടെ ആവശ്യകതയെയും പ്രതികൂലമായി ബാധിക്കും. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് യാത്രക്കാരുടെ എണ്ണം തിരികെയെത്താന്‍ 2023 വരെയെങ്കിലുമാവുമെന്ന് ഇരുവിമാന കമ്പനികളുടെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, എമിറേറ്റ്‌സും ഇത്തിഹാദും ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി പ്രതികരിച്ചില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 370 ലധികം സര്‍വീസുകള്‍ നടത്തുന്ന എമിറേറ്റ്‌സും ഇത്തിഹാദും മാര്‍ച്ച് മുതല്‍ തന്നെ യാത്രാവിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. രണ്ട് കമ്പനികളും ഇതിനോടകം ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുമുണ്ട്. എന്നാല്‍, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശികളെ സ്വദേശത്തേക്ക് കൊണ്ടുപോവുന്നതിന് പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ടൂറിസം മേഖല ജൂലൈ മാസത്തോടെ തുറക്കുമെന്ന് ദുബയ് അധികൃതര്‍ അറിയിച്ചു. ജൂലൈയില്‍ ദുബയിലേക്ക് വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുകയാണ്. പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ക്ക് ഉദാരമായ സഹായം നല്‍കണമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സര്‍ക്കാരുകളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം, വായ്പ, നികുതി ഇളവ് എന്നിവ നല്‍കണമെന്നാണ് അസോസിയേഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്.