ജിദ്ദ കോണ്‍സുലേറ്റില്‍ ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം 'ഫ്‌ളേവേര്‍സ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോട് അടുക്കുന്ന വേളയോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോല്‍ല്‍സവ്' എന്ന പേരില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഒരു കുടക്കീഴില്‍ സമ്മേളിപ്പിക്കുന്നത്.
ഈ മാസം 15ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മല്‍സരാര്‍ഥികളും പാചക വിദഗ്ധരും ഭാഗമാവും. വൈകീട്ട് 5 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും രുചികൂട്ടുകളുടെ പ്രദര്‍ശനമുണ്ടായിരിക്കുക. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരിക്കും. സൗദി വെസ്‌റ്റേണ്‍ റീജ്യനിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായിക, മാധ്യമരംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സമ്പന്ധിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിശിഷ്ടമായ ഭക്ഷണ സ്റ്റാളുകള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേര്‍ണിറ്റി ഫോറം ഭാരവാഹികളായ ഫയാസ് അഹമ്മദ് ചെന്നൈ, ഇഖ്ബാല്‍ ചെമ്പന്‍ എന്നിവര്‍ അറിയിച്ചു.