കുവൈത്ത് സിറ്റി: കുവൈത്തില്‍ 10 ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യോമ ഗതാഗതം പുനരാരംഭിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണു കുവൈത്ത് വിമാനത്താവളം വഴി വിമാനങ്ങള്‍ യാത്ര പുനരാരംഭിച്ചത്. ആഗോള തലത്തില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഡിസംബര്‍ 21 മുതല്‍ 10 ദിവസത്തേക്ക് കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ അടച്ചിടാന്‍ കുവൈത്ത് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജനുവരി 2 മുതല്‍ ഇവ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ വിമാനയാത്ര പുനരാരംഭിച്ചത്. ഇന്ന് പുലര്‍ച്ചെ തുര്‍ക്കി, ദുബയ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായാണ് ആദ്യ വിമാനം എത്തിയത്. ഇന്ന് ആകെ 67 സര്‍വീസുകളാണു ഉള്ളത്. 37 സര്‍വീസുകള്‍ രാജ്യത്തിനു പുറത്തേക്കും 30 സര്‍വീസുകള്‍ രാജ്യത്തിന് അകത്തേക്കും ഇന്ന് ഉണ്ടായിരിക്കും. ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഈ മാസം 31 വരെയുള്ളവ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വിജയവാഡയിലേക്കാണ് എയര്‍ ഇന്ത്യ എക്പ്രസിന്റെ ആദ്യ സര്‍വീസ് നടത്തുന്നത്. ജസീറ എയര്‍വേയ്‌സും കുവൈത്ത് എയര്‍വേയ്‌സും ഇന്നുമുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Kuwait air traffic resumed after 10 days