കുവൈത്തില്‍ പൊതുമാപ്പിനു ഏകജാലക സംവിധാനം; സൗജന്യ വിമാന ടിക്കറ്റും
ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള തിയ്യതികളിലാണു അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസങ്ങള്‍. ഇതിനായി പുരുഷന്‍മാര്‍ ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 122 ല്‍ സ്ഥിതി ചെയ്യുന്ന അല്‍ മുതന്ന ബോയ്‌സ് സ്‌കൂളിലും സ്ത്രീകള്‍ ഫര്‍വ്വാനിയ ബ്ലോക്ക് 1 ല്‍ തന്നെ സ്ട്രീറ്റ് 76 ലുള്ള ഗേള്‍സ് സ്‌കൂളിലുമാണ് എത്തേണ്ടത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ നടപടിക്രമങ്ങള്‍ ഏക ജാലക സംവിധാനത്തിലൂടെ നടപ്പാക്കും. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ എംബസി അധികൃതരുമായി താമസ കുടിയേറ്റ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി തലാല്‍ അല്‍ മ'അറഫി ഇന്ന് ചര്‍ച്ച നടത്തി. ഇതനുസരിച്ച് അപേക്ഷകരുടെ മുഴുവന്‍ നടപടിക്രമങ്ങളും ഇതിനായി സജ്ജീകരിച്ച വിദ്യാലയങ്ങളില്‍ നിന്ന് തന്നെയാവും നടത്തപ്പെടുക. താമസ കുടിയേറ്റ വിഭാഗം, തൊഴില്‍ മാനവ വിഭവ ശേഷി സമിതി , കുടിയേറ്റ വകുപ്പ് അന്വേഷണ വിഭാഗം മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമെ അതാത് രാജ്യങ്ങളിലെ എംബസികളുടെ പ്രവര്‍ത്തനങ്ങളും കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കും.
പാസ്‌പോര്‍ട്ട് കൈയിലില്ലാത്ത അപേക്ഷകര്‍ക്ക് ഇവിടെ നിന്ന് തന്നെയാവും ഔട്ട് പാസുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുക. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നവരെ അതാത് ഗവര്‍ണറേറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന വിദ്യാലയങ്ങളിലേക്ക് മാറ്റുകയും അവിടുന്ന് നേരിട്ട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും. വിമാന യാത്രാ ചെലവ്, യാത്രാ ദിവസം വരെ അന്തേവാസികള്‍ക്ക് ഭക്ഷണവും പാനീയങ്ങളും സൗജന്യമായി കുവൈത്ത് സര്‍ക്കാര്‍ നല്‍കും. രാജ്യത്ത് ഓരോ ഗവര്‍ണറേറ്റുകളിലുമായി 2 വീതം വിദ്യാലയങ്ങളാണ് ഇവരെ താമസിപ്പിക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ ഇവിടങ്ങളില്‍ ആവശ്യമെങ്കില്‍ കൊറോണ വൈറസ് പരിശോധന നടത്താനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിന് കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന മുന്നോട്ടുവച്ച സാഹചര്യത്തിലാണിത്. അപേക്ഷ സ്വീകരിക്കുന്നതിനു വിവിധ രാജ്യക്കാര്‍ക്ക് വിവിധ തിയ്യതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള തിയ്യതികളിലാണു അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസങ്ങള്‍. ഇതിനായി പുരുഷന്‍മാര്‍ ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 122 ല്‍ സ്ഥിതി ചെയ്യുന്ന അല്‍ മുതന്ന ബോയ്‌സ് സ്‌കൂളിലും സ്ത്രീകള്‍ ഫര്‍വ്വാനിയ ബ്ലോക്ക് 1 ല്‍ തന്നെ സ്ട്രീറ്റ് 76 ലുള്ള ഗേള്‍സ് സ്‌കൂളിലുമാണ് എത്തേണ്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്താന്‍ തടസ്സങ്ങള്‍ ഉണ്ടാവില്ല. അല്ലാത്തവരെ പിടികൂടി വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.