കുവൈത്തില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Update: 2021-06-28 07:21 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിനേഷന്‍ നടത്താത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ മാസങ്ങള്‍ക്ക് മുമ്പുതന്നെ വാക്‌സിനേഷന്‍ നടത്താന്‍ രജിസ്റ്റര്‍ ചെയ്തിട്ടും ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള വൈകല്‍ കാരണം ഇത്ുവരെ വാക്‌സിന്‍ ലഭിക്കാത്ത പ്രവാസികളാണു പ്രതിസന്ധിയിലായത്. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഷോപ്പിങ് മാളുകള്‍, റെസ്‌സ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ദൈനംദിനം സന്ദര്‍ശനം നടത്തേണ്ടത് പല പ്രവാസികള്‍ക്കും അനിവാര്യമായ കാര്യമാണ്.

എന്നാല്‍, കഴിഞ്ഞദിവസം ഈ ഇടങ്ങളില്‍ പ്രവേശനം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. റെസ്‌റ്റോറന്റുകളിലും മറ്റു സ്ഥാപനങ്ങളിലും ഉടമകള്‍ക്കും ജോലിക്കാര്‍ക്കും നിയന്ത്രണം ബാധകമല്ല. എങ്കിലും അതാത് സ്ഥാപനങ്ങളുടെ പേരിലുള്ള താമസരേഖയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്ന വ്യവസ്ഥ പലര്‍ക്കും പ്രവേശനം തടസ്സമാവും. രാജ്യത്ത് നിലവില്‍ നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം മൂലം ഈ വ്യവസ്ഥ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും നടപ്പാക്കാന്‍ സാധിക്കുകയുമില്ല. ജീവനക്കാര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ ലഭ്യമാക്കുക എന്നതാണു ഇതിനു പരിഹാരം

എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ല. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടുമ്പോള്‍ വരും ആഴ്ചകളില്‍ വാക്‌സിനേഷനായി സന്ദേശം ലഭിക്കുമെന്നാണു പ്രതികരണം ലഭിക്കുന്നത്. ഒരേസമയം രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ക്ക് വാക്‌സിന്‍ ലഭിക്കുകയും, മറ്റു ചിലര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇതിന്റെ കാരണം വ്യക്തവുമല്ല.

മാസങ്ങളായി കാത്തിരുന്നിട്ടും വാക്‌സിന്‍ ലഭിക്കാന്‍ വൈകുന്നതില്‍ പലരും നേരത്തെ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പുറമേ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍കൂടി വന്നതോടെ കടുത്ത പ്രതിസന്ധിയിലാണു ഈ വിഭാഗം. വാക്‌സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടും അവ ലഭിക്കാത്തതില്‍ തങ്ങള്‍ എന്തുപിഴച്ചെന്നാണു ഇവരുടെ ചോദ്യം. മാത്രവുമല്ല, വാക്‌സിനേഷന്‍ ലഭിക്കുന്നതിനു മുന്‍ഗണന അനുവദിക്കപ്പെട്ട പലര്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്ത് മാസങ്ങളായിട്ടും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ വാക്‌സിനേഷന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണു ഇതിന് പരിഹാരമായി ഉയരുന്ന നിര്‍ദേശം.

Tags:    

Similar News