മുഴുവന്‍ കുവൈത്തികളെയും തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി; 35,000 പേര്‍ രജിസ്റ്റര്‍ ചെയ്തു
മാര്‍ച്ച് 25 മുതല്‍ 29 വരെ ഒന്നാംഘട്ടത്തില്‍ 11 രാജ്യങ്ങളില്‍നിന്ന് 15 വിമാനസര്‍വീസുകള്‍ നടത്തി 2,710 സ്വദേശികളെയാണ് തിരിച്ചെത്തിച്ചത്.
കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിയ കുവൈത്തികള്‍ക്കായി വിദേശകാര്യമന്ത്രാലയം ആരംഭിച്ച വെബ്‌സൈറ്റില്‍ മികച്ച പ്രതികരണം. 'നിങ്ങളുടെ കൂടെ' എന്ന പേരില്‍ ആരംഭിച്ച വെബ്‌സൈറ്റില്‍ ഇതുവരെ 101 രാജ്യങ്ങളില്‍നിന്നായി 35,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. ഏപ്രില്‍ 19 മുതല്‍ മെയ് ഏഴുവരെയായി സ്വദേശികളെ തിരിച്ചെത്തിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി 50,000 കുവൈത്തികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എല്ലാവരെയും തിരിച്ചെത്തിക്കും. അവരുടെ കുടുംബത്തിന്റെ പ്രയാസം എനിക്ക് ഉള്‍ക്കൊള്ളാനാവും. ഞാനും അവരിലൊരാളാണ്. അതത് രാജ്യങ്ങളിലെ എംബസികള്‍ക്ക് കുവൈത്തികളുടെ ആവശ്യങ്ങളും അവസ്ഥയും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ 29 വരെ ഒന്നാംഘട്ടത്തില്‍ 11 രാജ്യങ്ങളില്‍നിന്ന് 15 വിമാനസര്‍വീസുകള്‍ നടത്തി 2,710 സ്വദേശികളെയാണ് തിരിച്ചെത്തിച്ചത്.
തിരിച്ചുവരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ധനമന്ത്രാലയമാണ് നിരീക്ഷണകേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നത്. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ പോലെയുള്ള കൊവിഡ് നിയന്ത്രണാതീതമായ രാജ്യങ്ങള്‍ ഒന്നാം വിഭാഗത്തിലും വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്ന മറ്റു രാജ്യങ്ങള്‍ രണ്ടാം വിഭാഗത്തിലും ഗള്‍ഫ് രജ്യങ്ങള്‍ മൂന്നാം വിഭാഗത്തിലുമാണ്.