കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി നിവാസികളുടെ ഫോട്ടോയും വിലാസവും പോലിസുമായി പങ്കുവച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ പ്രവര്‍ത്തകന്‍

ആളുകളെ 'തിരച്ചറിയാന്‍' സഹായിക്കുന്നതിനായി ഫോട്ടോ പതിച്ച മുഴുവന്‍ വോട്ടര്‍ പട്ടികയും നിയമവിരുദ്ധമായി ഡല്‍ഹി പോലിസിന് കൈമാറിയതായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍നിന്നുള്ള 'കത്ത്' പങ്കുവച്ച് വിവരാവകശാ പ്രവര്‍ത്തകനായ ഗോഖലെ വ്യക്തമാക്കുന്നു.

Update: 2020-08-24 15:38 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി നിവാസികളുടെ പടങ്ങളും വിലാസങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവിരുദ്ധമായി പോലിസുമായി പങ്കുവച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖ്‌ലേ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു ശേഷമാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം അരങ്ങേറിയത്.

ആളുകളെ 'തിരച്ചറിയാന്‍' സഹായിക്കുന്നതിനായി ഫോട്ടോ പതിച്ച മുഴുവന്‍ വോട്ടര്‍ പട്ടികയും നിയമവിരുദ്ധമായി ഡല്‍ഹി പോലിസിന് കൈമാറിയതായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍നിന്നുള്ള 'കത്ത്' പങ്കുവച്ച് വിവരാവകശാ പ്രവര്‍ത്തകനായ ഗോഖലെ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിന്റെ ആദ്യ വരി തന്നെ പോലിസുമായി വോട്ടര്‍ പട്ടിക പങ്കിട്ടതായി സമ്മതിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരേ ഡല്‍ഹി പോലിസിന്റെ മൗനാനുവാദത്തോടെ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു ശേഷം ഫോട്ടോ പതിച്ച ഈ മുഴുവന്‍ വോട്ടര്‍ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ ലംഘിച്ച് പോലിസിന് ലഭ്യമാക്കി. പ്രദേശത്തെ താമസക്കാരായ ന്യൂനപക്ഷങ്ങളെ തിരിച്ചറിയാനുള്ള ഒരു എളുപ്പ മാര്‍ഗമാണിതെന്നും- ഗോഖലെ വ്യക്തമാക്കി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം നിയമങ്ങള്‍ എന്തിനാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നും ട്വിറ്ററില്‍ ഇസിഐ വക്താവ് ഷെയ്ഫാലി ശരണിനെ ടാഗ് ചെയ്ത് ഗോഖലെ ആവശ്യപ്പെട്ടു. 'നിരപരാധികളായ നിരവധി മുസ് ലിംകളെ പോലിസ് തന്നിഷ്ടപ്രകാരം പിടികൂടി. 'മുഖം തിരിച്ചറിയാനുള്ള' ഡാറ്റാബേസ് നിര്‍മാണത്തിന് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക മറ്റു വല്ല സ്ഥലങ്ങളിലും പങ്കിടുന്നുണ്ടോയെന്ന് ചോദിച്ച ഗോഖലെ ഇതു ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍, ആരോപണത്തോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അണ്ടര്‍ സെക്രട്ടറി ലെവലിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍, വടക്ക് കിഴക്കന്‍ പാര്‍ലമെന്ററി മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഡല്‍ഹി പോലിസിന് കൈമാറാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് നിര്‍ദേശിച്ച് കൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തും ഗോഖലെ പങ്കുവച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. വംശഹതാ അതിക്രമത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരായ നടപടിസ്വീകരിക്കാന്‍ മടിച്ച ഡല്‍ഹി പോലിസിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

പുതിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജിവയ്ക്കണമെന്നാവശ്യം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി ഉയര്‍ന്നുവരികയാണ്.

Tags:    

Similar News