പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത്
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.
കുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാള്‍, ഈജിപ്ത്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് വിമാന സര്‍വീസിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് അനുമതിയെന്ന് മന്ത്രിസഭ വ്യക്തമാക്കി.
കുവൈത്ത് അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് സമയപരിധിയില്‍ നടത്തിയ പിസിആര്‍ പരിശോധന അനുസരിച്ച് കൊവിഡ് മുക്തനായിരിക്കണമെന്നുമാണ് പ്രധാന നിബന്ധന. ഫൈസര്‍, മോഡേണ, ആസ്ട്രസെനക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് കുവൈത്തിന്റെ അംഗീകാരമുള്ളത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്‍ ഒറ്റ ഡോസ് ആണ്.
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്രസെനകയാണ്. ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാന്‍ മന്ത്രിസഭയുടെ പ്രഖ്യാപനത്തോടെ അവസരമൊരുങ്ങിയിരിക്കുകയാണ്.