കുവൈത്തില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ആറുമാസത്തിനിടയില്‍ മരിച്ചത് 818 പേര്‍
കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന മരണനിരക്കാണു കഴിഞ്ഞ ആറുമാസത്തിനിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 450 മുതല്‍ 500 വരെ ഇന്ത്യക്കാരാണു പ്രതിവര്‍ഷം കുവൈത്തില്‍ മരണമടഞ്ഞിരുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ മരണപ്പെട്ടത് 818 ഇന്ത്യക്കാര്‍. ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈവര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവിലാണു ഇത്രയും ഇന്ത്യക്കാര്‍ കുവൈത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന മരണനിരക്കാണു കഴിഞ്ഞ ആറുമാസത്തിനിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി 450 മുതല്‍ 500 വരെ ഇന്ത്യക്കാരാണു പ്രതിവര്‍ഷം കുവൈത്തില്‍ മരണമടഞ്ഞിരുന്നത്.
എന്നാല്‍, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സംഭവിച്ച മരണങ്ങളുടെ എണ്ണം ഉള്‍പ്പെടുത്താതെ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള 6 മാസത്തിനിടയില്‍ മാത്രം 818 ഇന്ത്യക്കാര്‍ മരണമടഞ്ഞു. ഇത് ഈ വര്‍ഷം ഇന്ത്യക്കാരുടെ മരണനിരക്കില്‍ ഇരട്ടിയിലധികം വര്‍ധനവ് ഉണ്ടായെന്നാണു വ്യക്തമാക്കുന്നത്. കൊവിഡ് ബാധ മൂലം ഇതുവരെ എത്ര ഇന്ത്യക്കാര്‍ മരണപ്പെട്ടു എന്ന് വ്യക്തമല്ല.
ആരോഗ്യമന്ത്രാലയം കൊവിഡ് മൂലം മരണമടയുന്നവരുടെ രാജ്യം തിരിച്ചുള്ള കണക്ക് പുറത്തുവിടുന്നത് നിര്‍ത്തലാക്കിയതോടെയാണു ഇക്കാര്യത്തില്‍ അവ്യക്തത ഉടലെടുത്തത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ മരണമടഞ്ഞ 359 പേരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. 458 പേരുടെ മൃതദേഹം കുവൈത്തില്‍ തന്നെയാണു സംസ്‌കരിച്ചത്. ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ മരണമടഞ്ഞ 59 പേരില്‍ 50 പേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയും 9 പേരെ കുവൈത്തില്‍തന്നെ സംസ്‌കരിക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ 124 പേരും ജൂലൈയില്‍ 288 പേരും ആഗസ്തില്‍ 172 പേരും സപ്തംബറില്‍ 137 ഇന്ത്യക്കാരും മരണമടഞ്ഞു.
ജൂലൈയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോവാന്‍ സാധിക്കാതെ വരികയും പിന്നീട് കാര്‍ഗോ വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ മാത്രം കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇക്കാരണത്താലാണ് മരിച്ച 458 പേരുടെ മൃതദേഹം കുവൈത്തില്‍തന്നെ സംസ്‌കരിക്കാനുണ്ടായ സാഹചര്യം. മരിച്ചവരില്‍ പലരും വര്‍ഷങ്ങളായി നാട്ടിലേയ്ക്ക് പോകാത്തവരാണ് എന്നും എംബസി പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ സൂചിപ്പിക്കുന്നു.