മക്കയില്‍ ദുരിതത്തിലായ ജയ്പൂര്‍ സ്വദേശികള്‍ക്ക് ആശ്വാസമായി മക്കാ നവോദയ

Update: 2021-08-29 09:10 GMT

ജിദ്ദ: ഭക്ഷണവും പണവുമില്ലാതെ ദുരിതത്തിലായ രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശികള്‍ക്ക് മക്കയില്‍ സാന്ത്വനവും സഹായവുമായി നവോദയാ മക്കാ ഏരിയാ കമ്മിറ്റി. ജുമാ അല്‍ഹര്‍ബി മാന്‍പവര്‍ സപ്ലൈ കമ്പനിക്കു കീഴില്‍ വിവിധ കെട്ടിടനിര്‍മാണ കമ്പനികളില്‍ ടെക്‌നീഷ്യന്‍മാരായി ജോലിചെയ്യുന്ന പതിനഞ്ചോളം ജയ്പൂര്‍ സ്വദേശികളാണ് മാസങ്ങളായി മക്ക ഗസ്സയില്‍ ദുരിതത്തില്‍ കഴിയുന്നത്. സ്‌പോണ്‍സറായ കമ്പനി ഉടമകള്‍ ഇവരെ തിരിഞ്ഞുനോക്കാതായിട്ട് മാസങ്ങളായി.

ശമ്പള കുടിശ്ശിക നല്‍കാത്തതിനാല്‍ കൈയില്‍ പണമില്ല, അതിനാല്‍തന്നെ കെട്ടിട വാടക നല്‍കാനോ ഭക്ഷണത്തിനോ വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ യുവാക്കള്‍. നവോദയ മക്കാ കമ്മിറ്റിയുടെ വകയായി അവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കി. ഏരിയാ രക്ഷാധികാരി ശിഹാബുദ്ദീന്‍ കോഴിക്കോട്, ഏരിയാ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍, അസീസിയ യൂനിറ്റ് പ്രസിഡന്റ് നൗഷാദ് പത്തനാപുരം, നാസര്‍ കരുളായി, സജീര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

അധികം പേരുടെയും താമസരേഖകള്‍ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥ വന്നു. ചിലരുടെ ഇഖാമ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഇവരെ കമ്പനി അധികൃതര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. നവോദയ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് മക്കയിലെ ലേബര്‍ കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും രേഖകള്‍ ശരിപ്പെടുത്തുന്നതിനും ലേബര്‍ കോര്‍ട്ട് ഇടപെടുമെന്ന പ്രതീക്ഷയിലാണ്.

ഏരിയാ പ്രസിഡന്റ് റഷീദ് ഒലവക്കോട്, ജീവകാരുണ്യം കണ്‍വീനര്‍ റഷീദ് മണ്ണാര്‍ക്കാട് എന്നിവരാണ് നവോദയ പ്രതിനിധികളായി ലേബര്‍ കോടതിയില്‍ ജയ്പൂര്‍ സ്വദേശികള്‍ക്കായി നിയമസഹായത്തിനെത്തിയത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി കൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി നവോദയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ പറഞ്ഞു. ജയ്പൂര്‍ സ്വദേശികള്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യണമെങ്കിലും അവരുടെ ഇഖാമ അടക്കമുള്ള രേഖകള്‍ ശരിപ്പെടുത്തേണ്ടതായുണ്ട്. രേഖകള്‍ ശരിയായിക്കിട്ടിയാല്‍ മറ്റു കമ്പനികളില്‍ ജോലിനോക്കാനാണ് അധിക പേരും താല്‍പ്പര്യപ്പെടുന്നത്.

Tags:    

Similar News