കുവൈത്തില്‍ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ

പത്തനംതിട്ട റാന്നി സ്വദേശിനിക്കാണ് ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്.

Update: 2020-04-04 06:29 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ അബ്ബാസിയയിലെ താമസക്കാരിയായ മലയാളി നഴ്‌സിനു പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശിനിക്കാണ് ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റി. ജഹറയിലെ ഒരു ക്ലിനിക്കിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഒരാഴ്ചയായി ഇവര്‍ക്ക് പനിയും തൊണ്ട വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, കഴിഞ്ഞ ദിവസം ജിലീബ് ശുയൂഖിലെ ഹെല്‍ത്ത് സെന്ററില്‍ ഇവര്‍ ചികില്‍സ തേടിയെത്തിയത്. പരിശോധനയില്‍ കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇവരെ ഫര്‍വ്വാനിയ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെനിന്ന് നടത്തിയ റാപ്പിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്. തുടര്‍ന്ന്, ഇവരെ ജാബിര്‍ ആശുപത്രിയിലെ കൊറോണ വൈറസ് ചികില്‍സാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ഇവരുടെ സ്രവത്തില്‍ നിന്നുള്ള സംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചു വരികയാണു. ഇതിന്റെ അന്തിമ ഫലം നാളെ ല്ലഭിക്കുമെന്നാണ് സൂചന. ഇത് കൂടി ലഭിച്ച ശേഷമേ രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. അബ്ബാസിയയില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവരും ഭാര്‍ത്താവും താമസിക്കുന്നത്. കഴിഞ്ഞ മാസം 24നാണു ഇവര്‍ അവസാനമായി ജോലിക്ക് ഹാജരായത്. കഴിഞ്ഞ ദിവസം ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സാല്‍മിയയിലെ ആസ്ഥാനത്ത് വിളിച്ച് ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഇവരുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇവരുടെ അബ്ബാസിയയിലുള്ള വീട്ടില്‍ എത്തുകയും ഇന്ന് കാലത്ത് പരിശോധനക്ക് എത്താന്‍ ഇവരുടെ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രമുഖ ഓട്ടോ മൊബയില്‍ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

Tags:    

Similar News