ഭരണഘടനയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

ഹിന്ദുത്വ ഭരണത്തിനു കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഏകശിലാധിഷ്ഠിതമായ രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ഭരണഘടനയെ പോലും വെല്ലുവിളിച്ച് രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

Update: 2022-02-01 15:36 GMT

ദോഹ: രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന ഭരണഘടനാ ലംഘനങ്ങളും നീതി നിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ ഭരണത്തിനു കീഴില്‍ മത ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഏകശിലാധിഷ്ഠിതമായ രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ഭരണഘടനയെ പോലും വെല്ലുവിളിച്ച് രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

ഭരണഘടനാ മൂല്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് രാജ്യത്തെ ജന വിഭാഗങ്ങള്‍ക്കെതിരില്‍ ഭീകര നിയമങ്ങള്‍ ചുട്ടെടുക്കുന്ന പണിപ്പുരയിലാണ് ഫാഷിസ്റ്റ് ഭരണകൂടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറി രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീകര മുദ്ര ചാര്‍ത്തി ജയിലിലടക്കുന്നു. ഭരണഘടനയ്‌ക്കെതിരേയുള്ള നീക്കങ്ങള്‍ പലകോണുകളില്‍ നിന്നും വന്നുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ ജനകീയമായ ചെറുത്തുനില്‍പ്പിലൂടെ ഭരണഘടനയെ സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ ജനാധിപത്യപരമായി പ്രതിരോധിക്കുന്ന സാമൂഹ്യ ജനാധിപത്യത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത് ആവശ്യമാണെന്നും അതിനു വേണ്ടി ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും ഭരണഘടനയുടെ കാവല്‍ക്കാരായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ ഭരണകൂടം നമ്മുടെ ഭരണഘടനയെ പോലും ഭയപ്പെടുകയാണെന്ന് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അംഗം ഇ കെ നജ്മുദ്ദീന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെ അവര്‍ കടന്നുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള നീക്കങ്ങളും ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളും സംസ്ഥാനങ്ങള്‍ക്കുമേല്‍ നേരിട്ട് നിയന്ത്രം ഏര്‍പെടുത്തുന്ന ഡെപ്പ്യുട്ടേഷന്‍ നിയമനങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കടമേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ എഎം, സെക്രട്ടറി ഉസ്മാന്‍ ആലുവ സംസാരിച്ചു.

Tags:    

Similar News