മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ത്ഥാടകരല്ലാത്തവര്‍ക്കും ത്വവാഫ് ചെയ്യുന്നതിന് അനുമതി
മക്ക: മക്കയിലെ ഹറം പള്ളിയില്‍ തീര്‍ത്ഥാടകരല്ലാത്തവര്‍ക്കും വിശുദ്ധ കഅ്ബയ്ക്ക് പ്രദക്ഷിണം ചെയ്യാന്‍ (ത്വവാഫ്) അനുമതി നല്‍കിത്തുടങ്ങി. ദിവസവും മൂന്ന് മണിക്കൂര്‍ വീതമുള്ള മൂന്ന് സമയങ്ങളിലാണ് ത്വവാഫിന് അനുമതി നല്‍കുന്നത്. ഉംറ നിര്‍വഹിക്കുന്നവര്‍ അല്ലാത്ത തീര്‍ത്ഥാടകര്‍ക്കും ത്വവാഫിന് അനുമതി നല്‍കണമെന്ന് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവ് ഉത്തരവാണ് പുറപ്പെടുവിച്ചത്.
കൂടുതല്‍ വിശ്വാസികളെത്തിയതോടെ ഹറമിലെ ത്വവാഫ് സാധാരണ നിലയിലേക്കെത്തുകയാണ്. തീര്‍ത്ഥാടകരല്ലാത്തവര്‍ക്ക് ഒന്നാം നിലയിലാണ് ത്വവാഫിന് സൗകര്യമൊരുക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണിമുതല്‍ പത്ത് മണി വരെയും, രാത്രി ഒമ്പത് മണി മുതല്‍ മുതല്‍ 12 മണിവരെയും രാത്രി 12 മണി മുതല്‍ മുതല്‍ പുലര്‍ച്ചെ 3 മണിവരെയും മൂന്ന് സമയങ്ങളിലായാണ് ത്വവാഫിന് അനുമതി നല്‍കുകയെന്ന് ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദര്‍ അറിയിച്ചു. ഇതിനും ഇഅ്തമര്‍നാ ആപ്പ് വഴി മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഇഅ്തമര്‍നാ ആപ്പിലെ സര്‍വീസസ് ടാബില്‍നിന്ന് പെര്‍മിറ്റ് റിക്വസ്റ്റ് എന്നതിലെ 'ത്വവാഫ് ഫസ്റ്റ് ഫ്‌ളോര്‍' എന്ന ലിങ്കാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഹറം പള്ളിയുടെ മുഴുവന്‍ ശേഷിയിലും നിലവില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും ത്വവാഫ് അഥവാ കഅ്ബ പ്രദക്ഷിണം ചെയ്യാന്‍ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയതായിരുന്നു ഈ നിയന്ത്രണം.
എന്നാല്‍, രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതോടെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ത്വവാഫിന് മാത്രമായും വിശ്വാസികള്‍ക്ക് അനുമതി നല്‍കിയത്. തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ഹറം മസ്ജിദിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന സല്‍മാന്‍ രാജാവിന്റെ സമീപകാല നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഉംറ തീര്‍ത്ഥാടകരും വിശ്വാസികളും ഹറം പള്ളിയിലും അതിന്റെ അങ്കണത്തിലുമായിരിക്കുമ്പോള്‍ എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്.