വിശ്വാസികളെ സഹായിക്കാന്‍ മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ 24 മണിക്കൂറും പണ്ഡിതന്‍മാരുടെ സേവനം
ജിദ്ദ: റമദാനിലെ ഉംറ കര്‍മങ്ങളുടെ ശരിയായ നിര്‍വഹണത്തെക്കുറിച്ചുള്ള വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ 30ലധികം മുസ്‌ലിം പണ്ഡിതന്‍മാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുന്നു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറല്‍ പ്രസിഡന്‍സി വിശുദ്ധ മാസത്തിനായുള്ള ഒരുക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ശരീഅത്ത് പാലിച്ച് ഉംറ നിര്‍വഹണം ഉറപ്പാക്കാനുള്ള നീക്കം. ഈ പണ്ഡിതന്‍മാര്‍ ഗ്രാന്‍ഡ് മസ്ജിദിനുള്ളില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കും. മസ്ജിദിനുള്ളിലെ ഏഴ് സ്ഥലങ്ങളില്‍ സേവനം ലഭ്യമായതിനാല്‍ അവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവും- ഗൈഡന്‍സ് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് ബദര്‍ ബിന്‍ അബ്ദുല്ല അല്‍ ഫുറൈഹ് അറബ് ന്യൂസിനോട് പറഞ്ഞു.
800 1222 400 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ സന്ദര്‍ശകര്‍ക്ക് ഉപദേശം തേടാന്‍ അനുവദിക്കുന്നതിനായി നാല് ഓഫിസുകളും തുറന്നിട്ടുണ്ട്. ഗ്രാന്‍ഡ് മാസ്ജിദില്‍ ലഭ്യമായ മാര്‍ഗനിര്‍ദേശ റോബോട്ടുകള്‍ വഴി ആരാധകര്‍ക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിയും. 2021ന്റെ ആദ്യപാദത്തില്‍ 23,000ലധികം സന്ദര്‍ശകര്‍ ഈ സേവനത്തില്‍ നിന്ന് പ്രയോജനം നേടി. അത് 'നിങ്ങളുടെ ഭാഷയില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നു' എന്ന പരിപാടിയിലൂടെ നല്‍കുകയും മസ്ജിദിനുള്ളില്‍ ഏഴ് സ്ഥലങ്ങളില്‍ സജ്ജമാക്കുകയും ചെയ്തു.
വിശ്വാസികളുടെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രസിഡന്‍സി പരിഭാഷകരെയും നിയമിച്ചിട്ടുണ്ട്. ഉംറ നിര്‍വഹിക്കുന്നവര്‍ക്കും ഗ്രാന്‍ഡ് മസ്ജിദിലെ സന്ദര്‍ശകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനും അവരുടെ ആചാരങ്ങളില്‍ ഉപദേശം നല്‍കാനും 12 പരിഭാഷകര്‍ ഒപ്പമുണ്ടാവുമെന്ന് അല്‍ ഫുറൈഹ് പറഞ്ഞു. ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍, ഫ്രഞ്ച്, ടര്‍ക്കിഷ്, ഹൗസ്, ബംഗാളി എന്നീ ഏഴ് ഭാഷകളില്‍ ഉപദേശം ലഭ്യമാവും. ഫത്‌വയോ മാര്‍ഗനിര്‍ദേശമോ തേടുന്നതിനായി അറബികളല്ലാത്ത സന്ദര്‍ശകര്‍ക്ക് റോബോട്ടുകളും ടോള്‍ ഫ്രീ നമ്പറുകളും ഉപയോഗിക്കുമ്പോള്‍ ഈ ഭാഷകള്‍ തിരഞ്ഞെടുക്കാനും കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.