ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍നിന്നും രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ഷബ്‌ന ബീഗം.

Update: 2019-05-22 00:42 GMT

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍നിന്നും രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ മാതാവാണ് ഷബ്‌ന ബീഗം. 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് അപകടമുണ്ടായത്.

വാഹനത്തില്‍നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹമ്മദ് സമീപത്തെ മരത്തില്‍ പിടിച്ചാണ് രക്ഷപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവരെ കാണാതായത്. ഷബ്‌ന ബീഗത്തിന്റെ മൃതശരീരം ഇബ്രയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫസല്‍ അഹമ്മദ്, ഭാര്യ അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. 

Tags:    

Similar News