ഖത്തറില്‍ ഒരാള്‍ക്കുകൂടി കൊറോണ; രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രാലയം

ഫെബ്രുവരി 27ന് പ്രത്യേക വിമാനത്തില്‍ ഇറാനില്‍നിന്ന് ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഖത്തറിലെത്തിച്ച ഉടന്‍ പ്രത്യേകമായി പാര്‍പ്പിച്ചിരുന്നു.

Update: 2020-03-04 02:43 GMT

ദോഹ: പുതുതായി ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ (കൊവിഡ് 19) സ്ഥിരീകരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ടായി. ഫെബ്രുവരി 27ന് പ്രത്യേക വിമാനത്തില്‍ ഇറാനില്‍നിന്ന് ഒഴിപ്പിച്ച് ഖത്തറിലെത്തിച്ച സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഖത്തറിലെത്തിച്ച ഉടന്‍ പ്രത്യേകമായി പാര്‍പ്പിച്ചിരുന്നു. ഖത്തറില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതുതായി രോഗം സ്ഥിരീകരിച്ചയാളുടെയും നേരത്തേ പ്രഖ്യാപിച്ച മറ്റു ഏഴുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇവരുടെ രോഗവിവരങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരുന്നുണ്ട്. കൊവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് ആരോഗ്യമന്ത്രാലയം പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. 16,000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാം. അതേസമയം, രോഗം പകരുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടക്കാനിരുന്ന ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ദോഹ ഇന്റര്‍നാഷനല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍(ഡിംഡെക്‌സ്), ഖുംറ 2020 എന്നീ പരിപാടികളാണ് റദ്ദാക്കിയത്.

ഡിംഡെകസ് മാര്‍ച്ച് 16 മുതല്‍ 18 വരെ ഡിഇഇസിസിയിലാണ് നടക്കേണ്ടിയിരുന്നത്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ചലച്ചിത്ര പരിശീലന പരിപാടി മാര്‍ച്ച് 20 മുതല്‍ 25 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തിനു പുറത്തുനിന്നുള്ള അതിഥികള്‍ പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് രണ്ടും റദ്ദാക്കിയത്. നേരത്തേ ഖത്തറില്‍ നടക്കാനിരിക്കുന്ന മോട്ടോര്‍ സൈക്കള്‍ റേസും റദ്ദാക്കിയിരുന്നു. 

Tags:    

Similar News