കുവൈത്തില്‍നിന്നു കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രാജ്യം വിട്ടത് 92,000 വിദേശികള്‍
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ 92,000 വിദേശികള്‍ രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്തതായി റിപോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായാണു രാജ്യത്തെ താമസ നിയമലംഘകര്‍ അടക്കമുള്ള ഇത്രയും പേര്‍ രാജ്യത്തുനിന്ന് പുറത്തേക്ക് പോയത്. 600 ഓളം വിമാനങ്ങളാണു ഇതിനായി സര്‍വീസ് നടത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ ഓപറേഷന്‍ വിഭാഗം ഡയറക്റ്റര്‍ മന്‍സൂര്‍ അല്‍ ഹാഷിം വ്യക്തമാക്കി.
നിലവില്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന വിദേശികള്‍ക്ക് തിരിച്ചുവരാനുള്ള യാതൊരു നിര്‍ദേശവും സിവില്‍ ഏവിയേഷന്‍ വിഭാഗത്തിനു ലഭിച്ചിട്ടില്ല. എന്നാല്‍ നിലവില്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന കുവൈത്ത് പൗരന്‍മാരുടെ ഏറ്റവും അടുത്ത വിദേശികളായ ബന്ധുക്കള്‍ക്കും സ്‌പോണ്‍സര്‍മാരോടൊപ്പം കഴിയുന്ന അവരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും രാജ്യത്തേക്ക് തിരിച്ചുവരുന്നതില്‍ തടസ്സങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.