പിന്നണി ഗായിക ലൈല റസ്സാഖിന് പ്രവാസലോകത്തിന്റെ ആദരം

കഴിഞ്ഞ ദിവസം ദുബയ് ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന മെഹ്ഫില്‍ രാവിലാണ് ഗായിക ലൈല റസ്സാഖിന് ആദരവുകള്‍ നല്‍കിയത്. ഷംസുദ്ദീന്‍ നെല്ലറയുടെ നേതൃത്വത്തിലുള്ള സംഗീത ആസ്വാദകരാണ് യുഎഇ പ്രവാസലോകത്തിന്റെ സ്‌നേഹ ആദരവുകള്‍ ഗായികയ്ക്ക് സമ്മാനിച്ചത്.

Update: 2019-05-01 19:31 GMT

ദുബയ്: ആലാപനരംഗത്ത് ഒരു കാലത്ത് നാട്ടിലും മറുനാട്ടിലും ഒരു പോലെ നിറഞ്ഞുനിന്നിരുന്ന സിനിമ പിന്നണി ഗായിക ലൈല റസ്സാഖിന് പ്രവാസലോകത്തിന്റെ ആദരം. കഴിഞ്ഞ ദിവസം ദുബയ് ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന മെഹ്ഫില്‍ രാവിലാണ് ഗായിക ലൈല റസ്സാഖിന് ആദരവുകള്‍ നല്‍കിയത്. ഷംസുദ്ദീന്‍ നെല്ലറയുടെ നേതൃത്വത്തിലുള്ള സംഗീത ആസ്വാദകരാണ് യുഎഇ പ്രവാസലോകത്തിന്റെ സ്‌നേഹ ആദരവുകള്‍ ഗായികയ്ക്ക് സമ്മാനിച്ചത്. 1974 ല്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖറിന്റെ സംഗീതസംവിധാനത്തില്‍ പുറത്തിറങ്ങിയ സമരം എന്ന ചിത്രത്തിലൂടെ പാടിത്തുടങ്ങിയ ലൈല റസ്സാഖ് അഞ്ച് സിനിമകളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചുട്ടുണ്ട്.

ഏതൊണ്ട് മൂവായിരത്തോളം പാട്ടുകള്‍ വേദികളില്‍ പാടുകയും ആയിരത്തിലധികം പാട്ടുകള്‍ ഇവരുടേതായി കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദറിനൊപ്പം ചേര്‍ന്ന് പാടിയ പല ഗാനങ്ങളും ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്. ഏറെക്കാലം ഭര്‍ത്താവ് റസ്സാഖിനൊപ്പം അബുദബിയില്‍ പ്രവാസജീവിതം നയിച്ചിരുന്ന ഇവര്‍ അന്ന് ഗള്‍ഫിലെ അരങ്ങുകളില്‍ സജീവ സാന്നിധ്യമറിയിച്ചിരുന്നു. മലയാള ലളിതഗാനവും മാപ്പിളപ്പാട്ടും ഒരുപോലെ മനോഹരമായി പാടാന്‍ കഴിവുള്ള ലൈല റസ്സാഖിന്റെ ആലാപനശബ്ദം കോള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടനവധി സംഗീത ആസ്വാദകരുണ്ട് ഇന്നും യുഎഇയില്‍. ആദരിക്കല്‍ ചടങ്ങില്‍ ലൈല റസ്സാഖിന് ജീവകാരുണ്യപ്രവര്‍ത്തകനും അല്‍ മുര്‍ഷിദി ഗ്രുപ്പിന്റെ മനേജിങ് ഡയറക്ടറുമായ സി കെ മുഹമ്മദ് ഷാഫി അല്‍ മുര്‍ഷിദി ആദരപത്രം സമര്‍പ്പിച്ചു. ഷംസുദ്ദീന്‍ നെല്ലറ ഇവരെ പൊന്നാടയണിയിച്ചു.

ഇബ്രാഹിം എളേന്റില്‍, മജീദ്, എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, സിദ്ദീഖ് ഫോറം ഗ്രുപ്പ്, ലിപി അക്ബര്‍, ബഷീര്‍ തിക്കോടി, ലത്തീഫ് ഫോറം ഗ്രുപ്പ്, ത്വല്‍ഹത്ത്, ബഷീര്‍ ബെല്ലോ, ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ബഷീര്‍ ചങ്ങരംകുളം ചടങ്ങ് നിയന്തിച്ചു. ഗായിക ലൈല റസ്സാഖ്, വിളയില്‍ ഫസീല, മാത്തോട്ടം മുസ്തഫ, കൊല്ലം ഷാഫി, നിസാര്‍ വയനാട്, ആദില്‍ ഹത്തു, റാഫി തുടങ്ങിയരുടെ നേതൃത്വത്തിലുള്ള ഗായകസംഘം മെഹ്ഫില്‍ രാവില്‍ ഗാനങ്ങള്‍ ആലപിച്ചു. നിസാം പാലുവായി ആയിരുന്നു പരിപാടിയുടെ അവതാരകന്‍. 

Tags:    

Similar News