പൂങ്ങോട് 'ഒരുദേശത്തിന്റെ ആത്മകഥ' പ്രകാശിതമാകുന്നു

ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരേ പടവെട്ടിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികള്‍, തുറങ്കിലടക്കപ്പെട്ടവര്‍, ഖിലാഫത്ത് സമരങ്ങള്‍ തുടങ്ങി പൂങ്ങോടിന് പറയാനുള്ള ചെറുതും വലുതുമായ ചരിത്രങ്ങള്‍ മുഴുവനും മാഗസിനില്‍ ഉള്‍പ്പെടും.

Update: 2021-11-13 13:20 GMT

ജിദ്ദ: പൂങ്ങോട് പ്രവാസി കൂട്ടായ്മ പുറത്തിറക്കുന്ന പൂങ്ങോട് 'ഒരു ദേശത്തിന്റെ ആത്മകഥ' എന്ന പേരില്‍ ചരിത്ര മാഗസിന്‍ അടുത്ത ജനുവരിയില്‍ പ്രകാശനം ചെയ്യും. ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്റെ തീച്ചൂളയിലേക്കിറങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരേ പടവെട്ടിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികള്‍, തുറങ്കിലടക്കപ്പെട്ടവര്‍, ഖിലാഫത്ത് സമരങ്ങള്‍ തുടങ്ങി പൂങ്ങോടിന് പറയാനുള്ള ചെറുതും വലുതുമായ ചരിത്രങ്ങള്‍ മുഴുവനും മാഗസിനില്‍ ഉള്‍പ്പെടും.

മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എന്ന ഗ്രാമത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രം വീണ്ടെടുക്കുന്ന കൃതിയാണ് ചരിത്ര മാഗസിന്‍. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെയും പഠനങ്ങളുടെയും ഫലമാണ് ഈ ചരിത്ര മാഗസിന്‍.

നൂറ്റാണ്ടുകള്‍ മുമ്പ് വയലുകളും കാര്‍ഷിക സംസ്‌കാരവും രൂപപ്പെട്ടത് മുതല്‍ പുതിയ കാലത്തെ സ്പന്ദനങ്ങള്‍ വരെ മാഗസിന്‍ വരച്ചു കാണിക്കുന്നു. സാമൂതിരിയുടെ കാലം മുതല്‍ വിവിധ ഭരണങ്ങള്‍ക്കു കീഴില്‍ വന്ന മാറ്റങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നു. പൂങ്ങോടിനെ കുറിച്ചുള്ള 1800 കളിലെ ബ്രിട്ടീഷ് രേഖകള്‍ ഒരു അപൂര്‍വ ചരിത്ര ശേഖരമാണ്. അത് ഈ മാഗസിനിലൂടെ വെളിച്ചം കാണുന്നു.

പൂങ്ങോട് അടക്കമുള്ള പ്രദേശങ്ങളെ ഭരിച്ചിരുന്ന ജന്മി തറവാടായ പാണ്ടിക്കാട് മരനാട്ടു മനയുടെ ഇതുവരെ പ്രകാശിതമാകാത്ത ചരിത്രവും ഈ മാഗസിനില്‍ ഉണ്ട്. 2022 ജനുവരി ആദ്യത്തില്‍ പ്രമുഖ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നാടിന്റെ ആഘോഷമാക്കി വിപുലമായ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം ചെയ്യും.

പ്രസിഡന്റ് വി പി ഷിയാസ് (ഇമ്പാല), സെക്രട്ടറി കെ മുരളി, ട്രഷറര്‍ ഷാനവാസ് ബാബു, രക്ഷാധികാരി പി എം എ ഖാദര്‍, വൈസ് പ്രസിഡന്റ് സലാം സോഫിറ്റല്‍, സെക്രട്ടറി എന്‍ അബ്ദുന്നാസര്‍ എന്നിവര്‍ ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News