ഗര്‍ഭിണിയുടെ യാത്രാവിലക്ക്: ഇടപെടല്‍ ഫലം കണ്ടു; എംബസി അനുമതി നല്‍കി
വിമാനത്താവളത്തില്‍വച്ച് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവിടെയെത്തിയ ഈ കുടുംബത്തെ എംബസി ഉദ്യോഗസ്ഥര്‍ അവഗണിക്കുകയും അനര്‍ഹരായ പലരെയും കടത്തിവിടുകയും ചെയ്തു. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണു എംബസി ഉദ്യോഗസ്ഥന്‍ യുവാവിനെതിരേ പ്രതികാരനടപടികള്‍ ആരംഭിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ എംബസി ഉദ്യോഗസ്ഥന്റെ പകപോക്കലിനു ഇരയായി നാലുതവണ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ 7 മാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കാസര്‍ഗോഡ് സ്വദേശി അബ്ദുല്ല, ഭാര്യ ആത്തിക്ക എന്നിവരാണു മൂന്നാഴ്ചത്തെ അനിശ്ചിതത്വത്തിനുശേഷം ഇന്നത്തെ കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്.
വന്ദേ ഭാരത് മിഷന്‍ പ്രകാരം കുവൈത്തില്‍നിന്നുള്ള ആദ്യവിമാനത്തില്‍ യാത്രചെയ്യുന്നതിനു അര്‍ഹരായിട്ടും ഇവര്‍ എംബസിയുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. വിമാനത്താവളത്തില്‍വച്ച് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവിടെയെത്തിയ ഈ കുടുംബത്തെ എംബസി ഉദ്യോഗസ്ഥര്‍ അവഗണിക്കുകയും അനര്‍ഹരായ പലരെയും കടത്തിവിടുകയും ചെയ്തു. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണു എംബസി ഉദ്യോഗസ്ഥന്‍ യുവാവിനെതിരേ പ്രതികാരനടപടികള്‍ ആരംഭിച്ചത്.
യുവാവിന്റെ എംബസി എജിസ്‌ട്രേഷന്‍ റദ്ദാക്കിയതോടോപ്പം പിന്നീട് മൂന്നുതവണ വിമാനത്താവളത്തിലെത്തിയ ഇവരെ വിമാനത്തില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും തിരിച്ചയച്ചു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംബസിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സാമൂഹികപ്രവര്‍ത്തകരായ നസീര്‍ പാലക്കാട്, മുന്നു സിയാദ്, ഷബീര്‍ കൊയിലാണ്ടി എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും വിഷയം എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദീഖ്, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇവരുടെ തിരിച്ചുപോക്കിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ഇന്ത്യന്‍ എംബസിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
വിഷയം കുവൈത്തിലെ മുഴുവന്‍ മലയാളി സമൂഹവും ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണു എംബസി മുട്ടു മടക്കിയത്. കഴിഞ്ഞദിവസം യാത്രയ്ക്ക് തയ്യാറാവാന്‍ എംബസിയില്‍നിന്ന് ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചതോടെയാണു തിരിച്ചുപോക്കിനു വഴിയൊരുങ്ങിയത്. വിഷയത്തില്‍ സജീവമായി ഇടപെട്ട സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ പാലക്കാട് ദമ്പതികളെ വിമാനത്താവളത്തില്‍ അനുഗമിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി ഒപ്പംചേര്‍ന്നുനിന്ന കുവൈത്തിലെ മുഴുവന്‍ മലയാളി സമൂഹത്തിനോടും ദമ്പതികള്‍ നന്ദി അറിയിച്ചു.