കൂടുതല്‍ ഇളവുകളുമായി ഖത്തര്‍; ഞായറാഴ്ച മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളിലെത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുകള്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ഞായറാഴ്ച മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളിലെത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍, നിശ്ചിത നിബന്ധനകള്‍ പാലിക്കണം. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
നിലവില്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ 50 ശതമാനം കുട്ടികള്‍ക്ക് മാത്രമായിരുന്നു സ്‌കൂളുകളിലെത്താന്‍ അനുമതി ഉണ്ടായിരുന്നത്. ഇതോടെ ഓണ്‍ലൈന്‍, ക്ലാസ് റൂം സമ്മിശ്ര പഠനരീതി മാറി പഠനം പൂര്‍ണമായും ക്ലാസ്മുറികളിലേക്ക് മാറും. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണം. ജീവനക്കാര്‍ അവര്‍ക്കായുള്ള റൂമുകളിലും ഓഫിസുകളിലും അകലം പാലിക്കണം.
വിദ്യാര്‍ഥികളും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളിനകത്തും സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും ബബിള്‍ സംവിധാനം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. പൂര്‍ണമായും വാക്‌സിനെടുക്കാത്ത ജീവനക്കാരും 12 വയസ്സിന് മുകളിലുള്ള കുട്ടികളും ആഴ്ച തോറും റാപിഡ് ആന്റിജന്‍ ടെസ്‌റ്റോ പിസിആര്‍ പരിശോധനയോ നടത്തണം. എന്നാല്‍, കൊവിഡ് വന്ന് ഭേദമായവര്‍ക്ക് ഇളവുണ്ട്.