സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ബഹുമതി: മലയാളി നഴ്സിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുമോദിച്ചു

Update: 2020-09-07 12:47 GMT

ജീസാന്‍: കെവിഡ് കാലത്തെ മികവുറ്റ സേവനത്തിലൂടെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ബഹുമതിക്ക് അര്‍ഹയായ മലയാളി നഴ്‌സ് ഷീബ എബ്രഹാമിനെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുമോദിച്ചു. ആരോഗ്യ വകുപ്പിന് കീഴില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ കോവിഡ് വാര്‍ഡില്‍ മികച്ച സേവനം അനുഷ്ടിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പ്രത്യേക ബഹുമതി സമ്മാനിച്ചത്. ജിസാന്‍ അബു അരീഷ് ആശുപത്രിയില്‍ 14 വര്‍ഷമായി സ്റ്റാഫ് നേഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയാണ് ഷീബ എബ്രഹാം.

ബഹുമതിക്ക് അര്‍ഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. സൗദിയില്‍ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ രംഗത്തുള്ളവര്‍ക്കും പ്രവാസി മലയാളികള്‍ക്കും വലിയ അഭിമാനമാണ് ഇതിലൂടെ ലഭിച്ചത് എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി സനോഫര്‍ വള്ളക്കടവ് പറഞ്ഞു.

കൊവിഡ് കാലത്തെ ഈ അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്നും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് സാധ്യമാവുന്ന എല്ലാ സഹായ സഹകരങ്ങളും ഉണ്ടാകുമെന്നും ഷീബ എബ്രഹാം ഉറപ്പ്‌നല്‍കി.

കണ്ണൂര്‍ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയാണ്. തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ള ഭര്‍ത്താവ് ഷീന്‍സ് ലൂക്കോസിനോടാണ് ഈ പുരസ്‌കാര നേട്ടത്തില്‍ കടപ്പെട്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളായ സിവര്‍ട്ട് ഷീന്‍സ്, സ്റ്റുവര്‍ട്ട് ഷീന്‍സ് എന്നിവര്‍ ജിസാന്‍ അല്‍ മുസ്തക്ബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ജിസാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി സനോഫര്‍ വള്ളക്കടവ് ഉപഹാരം നല്‍കി. അന്‍വര്‍ഷാ കൊല്ലം ബ്രാഞ്ചു ഭാരവാഹികളായ മുജീബ് വണ്ടൂര്‍ മുസ്തഫ ഗൂഡല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.




Tags:    

Similar News