സൗദി വിസയുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി
റീഎന്‍ട്രി, തൊഴില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ആഭ്യന്തര വൃത്തങ്ങള്‍ വ്യക്തമാക്കി.
ദമ്മാം: ലോകത്തെ മിക്ക രാജ്യങ്ങളിലും കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വിമാന കമ്പനികള്‍ക്ക് ഈ മാസം 15 മുതല്‍ മുതല്‍ സൗദിയിലേക്ക് ഭാഗികമായി വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റീഎന്‍ട്രി, തൊഴില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ആഭ്യന്തര വൃത്തങ്ങള്‍ വ്യക്തമാക്കി.
48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തി കൊവിഡ് രോഗമില്ലന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സൗദി എംബസി, കോണ്‍സലേറ്റ് ഉദ്യോഗസ്ഥര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, വാണിജ്യ വ്യവസായ പ്രമുഖര്‍, കമ്പനി മാനേജര്‍മാര്‍, സെയില്‍സ് ഉദ്യോഗസ്ഥര്‍, വിദേശങ്ങളിലേക്ക് ചികിത്സ തേടി പോവേണ്ടവര്‍, വിദേശങ്ങളില്‍ ഉപരി പഠനം നടത്തുന്നവര്‍, സ്‌പോര്‍ട്‌സ് മേഖലയിലുള്ളവര്‍, മറ്റു മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സൗദി സ്വദേശികള്‍ക്ക് രാജ്യത്തിനു പുറത്ത് പോവാന്‍ അനുമതി നല്‍കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്നും എന്നാല്‍ ഇതിന്റെ തിയ്യതി, നിബന്ധനകളും പിന്നീട് വ്യക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം, വിമാനക്കമ്പനികള്‍ക്ക് പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ 2021 ജനുവരി ഒന്നിനു ശേഷമേ അനുമതി നല്‍കൂവെന്ന് സൗദി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.