ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയില്‍ വിസ വിലക്ക്

Update: 2025-04-07 10:35 GMT

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനം അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ചില വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി അറേബ്യ. ജൂണ്‍ പകുതി വരെയുള്ള ഉംറ, ബിസിനസ്, സന്ദര്‍ശക വിസകള്‍ക്കാണ് നിരോധനം.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് നിരോധനം ബാധകമാണ്. മതിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വ്യക്തികള്‍ ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ ഉംറ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 13 വരെ സൗദി അറേബ്യയില്‍ എത്താം.

നേരത്തെ വിദേശ പൗരന്മാര്‍ ഉംറ, വിസിറ്റ് വിസകളിലെത്തി ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കാന്‍ നിയമവിരുദ്ധമായി തങ്ങിയിരുന്നു. തിരക്കും കടുത്ത ചൂടും വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ ഹജ്ജിനിടെ തിരക്കില്‍പ്പെട്ട് കുറഞ്ഞത് 1,200 തീര്‍ത്ഥാടകരെങ്കിലും മരിച്ചിരുന്നു.

തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തിനും പ്രത്യേക ഹജ്ജ് സ്ലോട്ടുകള്‍ അനുവദിക്കുന്ന ഒരു ക്വാട്ട സംവിധാനമാണ് രാജ്യത്തുള്ളത്. മതിയായ രേഖകളില്ലാതെ എത്തുന്നവര്‍ക്ക് നിയമവിരുദ്ധമായ തൊഴില്‍ ചെയ്യുന്നതിലൂടെ വിസ നിയമങ്ങള്‍ ലംഘിക്കുകയും തൊഴില്‍ വിപണി തടസ്സങ്ങള്‍ സൃഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നയതന്ത്ര വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍, ഹജ്ജുമായി ബന്ധപ്പെട്ട വിസകള്‍ എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.


Tags:    

Similar News