കുവൈത്തിലെ സെവന്ത് റിങ് റോഡ് ഇനി സുല്‍ത്താന്‍ ഖാബൂസിന്റെ പേരില്‍ അറിയപ്പെടും
അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തീരുമാനം.
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലൊന്നായ സെവന്ത് റിങ് ഇനി മുതല്‍ അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ പേരില്‍ അറിയപ്പെടും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സെവന്ത് റിങ് റോഡിന് സുല്‍ത്താന്‍ ഖാബൂസ് അല്‍ സയീദ് എന്ന് നാമകരണം ചെയ്യാന്‍ മന്ത്രിസഭ മുനിസിപ്പല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനിച്ചത്. അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തീരുമാനം.
അറബ് ഇസ്‌ലാമിക ലോകത്ത് സുല്‍ത്താന്‍ ഖാബൂസ് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. നേരത്തെ രാജ്യത്തെ തിരക്കേറിയ വീഥികളിലൊന്നായ ഫിഫ്ത് റിങ് റോഡിനു യുഎഇ ഭരണാധികാരിയായ ഷൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹിയാന്റെ പേര് നല്‍കിയിരുന്നു. ഫിന്താസ് മുതല്‍ ദോഹ പോര്‍ട്ട് വരെ ഏകദേശം 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്പ്രസ് വേ ആണ് സെവന്ത് റിങ് റോഡ്.