കുവൈത്തിന്റെ 38ാമത് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് സബാഹ് അല്‍ഖാലിദ് അല്‍സബാഹിനെ നിയമിച്ചു
2019 നവംബര്‍ 19 നാണു അമീറിന്റെ സഹോദരി പുത്രനായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കുവൈത്ത് പ്രധാനമന്ത്രിയായി ആദ്യമായി നിയമിക്കപ്പെടുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിന്റെ രാജിയെത്തുടര്‍ന്നായിരുന്നു ഇത്.
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 38ാമത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിനെ നിയമിച്ച് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നിയമിക്കാനും അമീരി ഉത്തരവില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിമാര്‍ അടക്കം 65 അംഗ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കെതിരേ കുറ്റവിചാരണ നടത്തുന്നതിനു 38 ഓളം അംഗങ്ങളുടെ പിന്തുണയോടെ നോട്ടീസ് നല്‍കുകയും ഇതിന് പാര്‍ലമെന്റ് സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ഈമാസം 13 നാണ് കേവലം 29 ദിവസം മാത്രം പ്രായമായ മന്ത്രിസഭ അമീറിനു മുന്നില്‍ രാജി സമര്‍പ്പിച്ചത്.
2019 നവംബര്‍ 19 നാണു അമീറിന്റെ സഹോദരി പുത്രനായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കുവൈത്ത് പ്രധാനമന്ത്രിയായി ആദ്യമായി നിയമിക്കപ്പെടുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹിന്റെ രാജിയെത്തുടര്‍ന്നായിരുന്നു ഇത്. പിന്നീട് കഴിഞ്ഞ ഡിസംബര്‍ 5നു നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രി പദവി വഹിച്ച ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്, അഴിമതി നിര്‍മാര്‍ജനത്തില്‍ ഊന്നിക്കൊണ്ടായിരുന്നു ഭരണം നടത്തിയത്. ഇക്കാലയളവില്‍ രാജ്യകുടുംബത്തിലെ പ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കം നിരവധി പേരാണു അഴിക്കുള്ളിലായത്.
ഡിസംബര്‍ 5ന് നടന്ന തിരഞ്ഞെടുപ്പിനുശേഷം അമീര്‍ വീണ്ടും ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കുകയും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ ഇദ്ദേഹത്തിനെതിരേ കുറ്റവിചാരണ പ്രമേയത്തിനു നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണു ജനുവരി 13നു ഇദ്ദേഹം മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചത്. ദീര്‍ഘകാലം വിദേശകാര്യ മന്ത്രിയായി കഴിവുതെളിയിച്ച 66 കാരനായ ഷെയ്ഖ് സബാഹ് ഇത് മൂന്നാം തവണയാണു പ്രധാനമന്ത്രി പദവിയിലെത്തുന്നത്.